മണിക്കെതിരെ തുറന്നടിച്ച് മഞ്ജു വാരിയര്‍

കൊച്ചി:  മന്ത്രി എം എം മണിക്കെതിരെ നടി മഞ്ജു വാരിയര്‍ രംഗത്ത്. മണിയുടെ പ്രസ്താവന ദുര്‍ഗന്ധം വമിക്കുന്നതും നാടിനെ മുഴുവനായും നാണം കെടുത്തുന്നതുമാണ്. ആര്‍ക്കും നാവ് കൊണ്ട് പോലും അപമാനിക്കാനുള്ള വസ്തുവല്ല സ്ത്രീയെന്നും നടി പറഞ്ഞു. ഫെയ്‌സ്ബുക്ക് പേജിലാണ് താരം അഭിപ്രായം പങ്ക് വെച്ചത്.

സ്ത്രീക്കള്‍ക്കെതിരെ വിമര്‍ശനമുന്നയിക്കുന്ന ഒരുപാട് പേര്‍ പുരുഷ സമൂഹത്തിലുണ്ട്. ഉത്തരവാദിത്തപ്പെട്ട ഒരു മന്ത്രിയും അത്തരത്തില്‍ പ്രതികരിക്കുമ്പോള്‍ അത് സമൂഹത്തിന് എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് മഞ്ജു  ചോദിച്ചു. ഒരുപാട് ജനകീയ പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും എന്നും ജനങ്ങള്‍ക്കൊപ്പം നില്‍ക്കുകയും ചെയ്യുന്ന ഒരു പ്രസ്ഥാനത്തിന്റെ പ്രതിനിധിയായ അദേഹത്തിന് എങ്ങനെയിങ്ങനെ പറയാന്‍ കഴിയുന്നു എന്നത് അത്ഭുതപ്പെടുത്തുന്നുവെന്നും നടി കൂട്ടിച്ചേര്‍ത്തു.

ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം

സ്ത്രീകള്‍ക്കെതിരെ എന്തും പറയാം, അവരെ എന്തും ചെയ്യാം എന്ന ധൈര്യം പുരുഷ സമൂഹത്തില്‍ കുറേപ്പേര്‍ക്കെങ്കിലുമുണ്ട്. ഉത്തരവാദിത്തമുള്ള മന്ത്രിയും അവരിലൊരാളായി സംസാരിക്കുമ്പോള്‍ അത് എന്ത് സന്ദേശമാണ് സമൂഹത്തിന് കൊടുക്കുന്നതെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. മൂന്നാറിലെ പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കെതിരായ മന്ത്രി എം.എം.മണിയുടെ പ്രസ്താവനയില്‍ നിന്ന് വമിക്കുന്ന ദുര്‍ഗന്ധം നാടിനെ മുഴുവനുമാണ് നാണം കെടുത്തുന്നത്. രാജ്യം ശ്രദ്ധിക്കുകയും ഒരു പാട് പേര്‍ ഒപ്പം നില്‍ക്കുകയും ചെയ്ത പോരാട്ടമായിരുന്നു പെമ്പിളൈ ഒരുമയുടേത്. അതിനെ ഏറ്റവും തരം താഴ്ന്ന രീതിയില്‍ പരിഹസിച്ചതിലൂടെയും പ്രവര്‍ത്തകരെ സ്വഭാവഹത്യ നടത്തിയതിലൂടെയും മന്ത്രി അപമാനിച്ചത് ആത്മാഭിമാനത്തോടെ നിവര്‍ന്നു നില്കാന്‍ ശ്രമിക്കുന്ന എല്ലാ സ്ത്രീകളേയുമാണ്.

ഒരുപാട് ജനകീയ പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും എന്നും ജനങ്ങള്‍ക്കൊപ്പം നില്കുകയും ചെയ്യുന്ന ഒരു പ്രസ്ഥാനത്തിന്റെ പ്രതിനിധിയായ അദേഹത്തിന് എങ്ങനെയിങ്ങനെ പറയാന്‍ കഴിയുന്നു എന്നത് അത്ഭുതപ്പെടുത്തുന്നു. ആര്‍ക്കും നാവുകൊണ്ടു പോലും അപമാനിക്കാനുള്ള വസ്തുവല്ല സ്ത്രീ. അത് സമൂഹത്തോട് വിളിച്ചു പറയേണ്ട ബാധ്യതയുളളയാളാണ് ഒരു മന്ത്രി. വെറുമൊരു ഖേദപ്രകടനത്തിനുമപ്പുറം ഇനി ഇത്തരം വാക്കുകള്‍ തന്നില്‍ നിന്ന് ഉണ്ടാകില്ലെന്ന ഉറപ്പാണ് എം.എം.മണിയില്‍ നിന്ന് പൊതുസമൂഹം പ്രതീക്ഷിക്കുന്നത്. ആത്മാഭിമാനത്തിന്റെ വീണ്ടെടുപ്പിനായുള്ള സമരത്തില്‍ പെമ്പിളൈ ഒരുമയ്‌ക്കൊപ്പം….

Leave a Reply

Your email address will not be published. Required fields are marked *