മുത്തലാഖ് നിരോധിച്ചാല്‍ നിയമം കൊണ്ടുവരുമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: മുസ്ലീം സമുദായത്തില്‍ മുത്തലാഖ് ചൊല്ലി വിവാഹ മോചനം നടത്തുന്നത് സംബന്ധിച്ച ഹര്‍ജികള്‍ മാത്രം ഇപ്പോള്‍ പരിഗണിക്കുന്നത് സമയക്കുറവ് കാരണമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അതേസമയം, ബഹുഭാര്യത്വം പോലുള്ള അനുബന്ധ വിഷയങ്ങളില്‍ അന്തിമ തീര്‍പ്പ് കല്‍പിക്കുന്നതില്‍ തുറന്ന നിലപാടാണുള്ളതെന്നും ചീഫ് ജസ്റ്റിസ് ജെ.എസ്.കേഹാര്‍ അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. മുത്തലാഖ് സംബന്ധിച്ച ഹര്‍ജികളില്‍ വാദം കേള്‍ക്കുന്‌പോഴാണ് കോടതി ഇക്കാര്യം പറഞ്ഞത്. അതേസമയം, മുത്തലാഖ് പൂര്‍ണമായും സുപ്രീംകോടതി നിരോധിച്ചാല്‍ സര്‍ക്കാര്‍ നിയമം കൊണ്ടുവരുമെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി പറഞ്ഞു.

ചുരുങ്ങിയ സമയത്തിനുള്ളില്‍ മുത്തലാഖ്, ബഹുഭര്‍ത്വത്വം, വിവാഹ മോചനം നേടിയ യുവതിക്ക് ആദ്യ ഭര്‍ത്താവിനെ വീണ്ടും വിവാഹം ചെയ്യാന്‍ മറ്റൊരു വിവാഹം കഴിച്ച് ബന്ധം പിരിയണമെന്ന ആചാരം എന്നിവയെ കുറിച്ച് വാദം കേട്ട് അന്തിമ തീര്‍പ്പ് കല്‍പിക്കുകയെന്നത് സാദ്ധ്യമല്ല. എന്നാല്‍, ഭാവിയില്‍ ഈ വിഷയങ്ങളിലും തീര്‍പ്പുണ്ടാവും  കോടതി പറഞ്ഞു. മുന്പ് കേസ് പരിഗണിച്ച രണ്ടംഗ ബെഞ്ച് ഈ മൂന്ന് വിഷയങ്ങളും കൂടിയാണ് ഭരണഘടനാ ബെഞ്ചിന് വിട്ടതെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി കോടതിയെ അറിയിച്ചു.

മുത്തലാഖ് മുസഌം മതവിശ്വാസവുമായി ബന്ധപ്പെട്ട അവകാശമാണോ എന്നതാണ് ആറു ദിവസം നീണ്ടു നില്‍ക്കുന്ന വാദങ്ങളില്‍ പരിശോധിക്കുക. മതപരമായ മൗലികാവകാശമാണെന്ന് തെളിഞ്ഞാല്‍ കോടതി ഇടപെടില്ല. മുത്തലാഖിന് വിശുദ്ധകര്‍മ്മമായി കണ്ട് മൗലികാവകാശമായി നടപ്പാക്കാമോ എന്നും പരിശോധിക്കും. മുത്തലാഖ് വിവാഹമോചനത്തിനുള്ള ഏറ്റവും മോശവും ഹീനവുമായ രീതിയാണ് മുസഌങ്ങള്‍ക്കിടയിലുള്ള മുത്തലാഖെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം വാദത്തിനിടെ പറഞ്ഞിരുന്നു. മുത്തലാഖ് എതിര്‍ക്കപ്പെടേണ്ടതാണെങ്കിലും ഇത് വ്യക്തിനിയമപ്രകാരം നിലനില്‍ക്കുന്ന ഒന്നാണ്. മുത്തലാഖ് നിരോധിക്കുകയാണെങ്കില്‍ പ്രത്യാഘാതങ്ങള്‍ അപ്പോള്‍ പരിശോധിക്കാമെന്നും ഇന്ന് കേസിലെ വാദത്തിനിടെ കോടതി വ്യക്തമാക്കിയിരുന്നു.

മുത്തലാഖിനെ എതിര്‍ക്കുന്നവര്‍ക്കും അനുകൂലിക്കുന്നവര്‍ക്കും നാലു ദിവസം വാദത്തിന് അവസരം നല്‍കും. രണ്ടു ദിവസം വിശദീകരണങ്ങള്‍ക്കും ലഭിക്കും. വാദങ്ങള്‍ ആവര്‍ത്തിച്ചാല്‍ അഭിഭാഷകനെ തുടര്‍ന്ന് വാദിക്കാന്‍ അനുവദിക്കില്ലെന്നും ബെഞ്ച് വ്യക്തമാക്കി. ഹര്‍ജി പരിഗണിക്കുന്ന അഞ്ചംഗ ബെഞ്ചിലെ ജഡ്ജിമാര്‍ ഹിന്ദു, പാഴ്‌സി, സിക്ക്, മുസഌം, ക്രിസ്ത്യന്‍ സമുദായങ്ങളില്‍ നിന്നുള്ളവരാണ്. മുത്തലാഖിനെ അനുകൂലിക്കുന്ന നിലപാടാണ് മുസഌം വ്യക്തി നിയമബോര്‍ഡ് സ്വീകരിക്കുന്നത്. മുന്‍ കേന്ദ്ര മന്ത്രി സല്‍മാന്‍ ഖുര്‍ഷിദാണ് കേസിലെ അമിക്കസ് ക്യൂറി.

Leave a Reply

Your email address will not be published. Required fields are marked *