കൊയിലാണ്ടി: പത്ര വിതരണത്തിന് പോയ മാതൃഭൂമി ഏജന്റിനെ അക്രമി സംഘം വെട്ടി പരിക്കേല്‍പ്പിച്ചു. മാതൃഭൂമി ചേലിയ പുതിയാറമ്ബത്ത് ഏജന്റ് വലിയപറമ്ബത്ത് മീത്തലെ വീട്ടില്‍ ഹരിദാസനെ(51)യാണ് മൂന്നംഗ സംഘം അക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഹരിദാസനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച പുലര്‍ച്ചെ നാലര മണിയോടെയാണ് അക്രമണം നടന്നത്. വിതരണത്തിനായി ചെങ്ങോട്ടുവില്‍ നിന്നും മാതൃഭൂമി പത്രക്കെട്ടുമായി ഇരുചക്ര വാഹനത്തില്‍ പുറപ്പെട്ട ഹരിദാസനെ വാഹനം തടഞ്ഞു നിര്‍ത്തിയാണ് അക്രമിച്ചത്. ഇരുമ്ബ് വടി,ആണി തറച്ച പട്ടിക എന്നിവ ഉപയോഗിച്ചാണ് ഹരിദാസനെ അടിച്ചു വീഴ്ത്തിയത്.
കാലിന്റെയും കയ്യിന്റെയും എല്ലുകള്‍ തകര്‍ന്നു. വാരിയെല്ലിനും ഗുരുതരമായി പരിക്കേറ്റു. അക്രമത്തിന് ശേഷം ഹരിദാസനെ റോഡരികില്‍ ഉപേക്ഷിച്ച് അക്രമി സംഘം കടന്നു കളഞ്ഞു.
നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. കാലിനും കൈക്കും അടിയന്തിര ശസ്ത്രക്രിയ വേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
പത്ര ഏജന്റിനെതിരായ ആക്രമണം ചേലിയ ഗ്രാമത്തെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ചേലിയ ഭാഗത്ത് നേരിയ രാഷ്ട്രീയ സംഘര്‍ഷം നിലനിന്നിരുന്നു. എന്നാല്‍ മാതൃഭൂമി പത്ര ഏജന്റ് ഹരിദാസ് രാഷ്ട്രീയ ബന്ധങ്ങളൊന്നുമില്ലാത്തയാളാണ്. പത്ര ഏജന്ററിന് നേരെയുണ്ടായ ആക്രമണത്തില്‍ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നത്. അക്രമത്തില്‍ പ്രതിഷേധിച്ച് പത്ര ഏജന്റുമാരും വിതരണക്കാരും ചെങ്ങോട്ടുകാവ് പ്രകടനം നടത്തി.
അക്രമികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് കൊയിലാണ്ടി പ്രിന്‍സിപ്പല്‍ എസ്.ഐ സി.കെ.രാജേഷ് പറഞ്ഞു. പോലീസ് മെഡിക്കല്‍ കോളേജില്‍ എത്തി ഹരിദാസന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
