ഗള്‍ഫ് രാജ്യങ്ങളിലേയ്ക്കുള്ള ഉത്സവ സീസണില്‍ വിമാന നിരാക്ക് കുത്തനെ വര്‍ധിപ്പിക്കുന്ന പ്രവണത തിരുത്തണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആവശ്യത്തിന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ അനുകൂല പ്രതികരണം. നാലു വിമാനത്താവളങ്ങളില്‍ കൂടുതല്‍ സര്‍വ്വീസ്, കേരളത്തിലെ നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള കൂടുതല്‍ ആഭ്യന്തര സര്‍വീസുകള്‍ എന്നീ ആവശ്യങ്ങള്‍ സംബന്ധിച്ച് വിളിച്ചു ചേര്‍ത്ത എയര്‍ലൈന്‍ കന്പനികളുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇത്തരത്തിലുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചത്.
അമിതമായ നിരക്ക് വര്‍ധന ഒഴിവാക്കുന്നതിന് ഓണം പോലുള്ള തിരക്കുള്ള സീസണില്‍ വിദേശ വിമാനകന്പനികള്‍ക്ക് നിശ്ചിത ദിവസത്തേക്ക് കൂടുതല്‍ സീറ്റ് അനുവദിക്കാന്‍ മന്ത്രാലയം തയാറാണെന്ന് യോഗത്തില്‍ പങ്കെടുത്ത സിവില്‍ ഏവിയേഷന്‍ സെക്രട്ടറി ആര്‍ എന്‍ ചൗബേ പറഞ്ഞു. ഉത്സവ സീസണില്‍ യാത്രക്കാരുടെ തിരക്ക് കൂടുന്‌പോള്‍ നിരക്ക് വര്‍ധിക്കുന്ന പ്രവണത ഒഴിവാക്കേണ്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിന് ഒരുവിധ ന്യായീകരണവുമില്ല. പ്രവാസി മലയാളികളുടെ മുഖ്യ പരാതിയാണ് നിരക്കിലെ യുക്തിരഹിതമായ വര്‍ധന. യൂറോപ്പിലേക്കുള്ള നിരക്കിലും കൂടുതലാണ് ചില സീസണില്‍ ഗള്‍ഫിലേക്ക് ഈടാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
