ജലവൈദ്യുതിയാണ് ഏറ്റവും ലാഭകരം: എം.എം.മണി

കോട്ടയം: ജലവൈദ്യുതിയാണ് ഏറ്റവും ലാഭകരമെന്ന് വൈദ്യുതി മന്ത്രി എം.എം.മണി പറഞ്ഞു. കോട്ടയം ജില്ല സമ്പൂര്‍ണ്ണ വൈദ്യുതീകരണ പ്രഖ്യാപനം നടത്തുകയായിരുന്നു മന്ത്രി. സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 29ന് കോഴിക്കോട്ട് മുഖ്യമന്ത്രി നിര്‍വഹിക്കുമെന്ന് മന്ത്രി അറിയിച്ചു.

പുരോഗതി വേണമെങ്കില്‍ ഊര്‍ജ്ജം അത്യാന്താപേക്ഷിതമാണ്. ജലവൈദ്യുതി അല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങളില്‍ ഉണ്ടാക്കുന്ന വൈദ്യുതിക്ക് വലിയ ചിലവാകും. വന്‍കിട പദ്ധതികള്‍ക്ക് കേരളത്തില്‍ ഇനി സാധ്യത ഇല്ല. ആതിരപ്പള്ളി പദ്ധതിക്ക് സമവായം ഉണ്ടായാല്‍ മാത്രമേ നടക്കൂ. ഇതിനെക്കുറിച്ച് ചര്‍ച്ചയും സംവാദവും ഉണ്ടാകട്ടെ. അഭിപ്രായ സമന്വയം ഉണ്ടായാല്‍ നമുക്ക് പ്രയോജനകരമാകും.

കായംകുളം താപവൈദ്യുത നിലയത്തില്‍ നിന്നും വൈദ്യുതി ഉണ്ടാകുമ്പോള്‍ യൂണിറ്റിന് 12 രൂപയാകും. ഡീസല്‍ വൈദ്യുതിക്കും വിലകൂടും. സോളാര്‍ വൈദ്യുതിക്കും കാറ്റില്‍ നിന്നുളള വൈദ്യുതിക്കും ചിലവേറും.

പൂര്‍ത്തിയാകാനുളള ചെറിയ പദ്ധതികള്‍ പുനരാരംഭിക്കണം. പുതിയ പദ്ധതികള്‍ തുടങ്ങണം. കേരളം ഇപ്പോള്‍തന്നെ വൈദ്യുതി ക്ഷാമത്തിലാണ്. ഡാമുകള്‍ പൂര്‍ണ്ണമായും നിറഞ്ഞാല്‍തന്നെ ആവശ്യമുളളതിന്റെ 30 ശതമാനം മാത്രമേ വൈദ്യുതി ഉല്പാദിപ്പിക്കുന്നുള്ളൂ. ബാക്കി 70 ശതമാനം പുറത്തു നിന്നു വാങ്ങുകയാണ് ചെയ്യുന്നത്.

4.40 പൈസ നിരക്കിലാണ് ഇപ്പോള്‍ വൈദ്യുതി വാങ്ങുന്നതെന്ന് മന്ത്രി പറഞ്ഞു. ഇടമലക്കുടിയില്‍ പോലും വൈദ്യുതി എത്തിച്ചിട്ടുണ്ട്. കേസിലും വ്യവഹാരങ്ങളിലും പെട്ടുപോയ ഏതാനും ചില സ്ഥലങ്ങള്‍ ഒഴിച്ചാല്‍ പൂര്‍ണ്ണമായും വൈദ്യുതി എത്തിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കേരളം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പല കാര്യങ്ങളിലും മാതൃകയാണ്. ആ മാതൃക എല്ലാവരും തുടരട്ടെ എന്ന് മന്ത്രി പറഞ്ഞു.

യോഗത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ജോസ് കെ മാണി എം.പി, ജോയി എബ്രഹാം എം.പി എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. മോന്‍സ് ജോസഫ് എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് സക്കറിയാസ് കുതിരവേലില്‍, കോട്ടയം നഗരസഭാ അദ്ധ്യക്ഷ പി.ആര്‍ സോന, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എസ്. ഗോപകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *