സുപ്രീംകോടതിയില്‍ കെ.എസ്.ആര്‍.ടി.സിക്കായി കേസുകള്‍ വാദിച്ചിരുന്ന ഹാരിസ് ബീരാനെ സര്‍ക്കാര്‍ മാറ്റി

തിരുവനന്തപുരം: സുപ്രീംകോടതിയില്‍ കെ.എസ്.ആര്‍.ടി.സിക്കായി കേസുകള്‍ വാദിച്ചിരുന്ന ഹാരിസ് ബീരാനെ സര്‍ക്കാര്‍ മാറ്റി. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ബീരാനെ മാറ്റിയത്. ഡിജിപി ടി.പി. സെന്‍കുമാറിനു വേണ്ടി സുപ്രീംകോടതിയില്‍ കേസ് വാദിച്ചതിന്റെ പശ്ചാത്തലത്തിലാണ് ബീരാനെ ഒഴിവാക്കുന്നതെന്നാണു സൂചന. പത്തുവര്‍ഷത്തിലേറെയായി സുപ്രീംകോടതിയില്‍ കെഎസ്ആര്‍ടിസിയുടെ കേസുകള്‍ വാദിച്ചിരുന്നതു ഹാരിസ് ബീരാനാണ്.

 

ഗതാഗതവകുപ്പ് ഔദ്യോഗികമായി ഇക്കാര്യം ഹാരിസ് ബീരാനെ അറിയിച്ചിട്ടുണ്ട്. ഹൈക്കോടതിയിലെ സ്റ്റാന്‍ഡിങ് കോണ്‍സലിനെയും മാറ്റിയിട്ടുണ്ട്. നിരന്തരമായി കേസുകള്‍ കോടതികളില്‍ തോല്‍ക്കുന്നുവെന്നാണ് കെ.എസ്.ആര്‍.ടി.സിയുടെ വിശദീകരണം. വി.ഗിരിയായിരിക്കും സുപ്രീംകോടതിയില്‍ ഇനി കെ.എസ്.ആര്‍.ടി.സിക്കായി കേസുകള്‍ വാദിക്കുക.

 

ഹാരിസ് ബീരാന്‍, ദുഷ്യന്ത് ദവെ, പ്രശാന്ത് ഭൂഷണ്‍ എന്നീ അഭിഭാഷകരായിരുന്നു സെന്‍കുമാറിനായി സംസ്ഥാന സര്‍ക്കാരിനെതിരെ ഹാജരായതും. സെന്‍കുമാറിനെ പുറത്താക്കിയ സര്‍ക്കാര്‍ നടപടി റദ്ദാക്കി അദ്ദേഹത്തെ ഡിജിപിയായി നിയമിക്കണമെന്ന് സുപ്രീംകോടതി അവസാനം ഉത്തരവിടുകയും ചെയ്തിരുന്നു. സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ് കേസിലുണ്ടായതും. തുടര്‍ന്നാണ് ഇപ്പോള്‍ ഹാരിസ് ബീരാനെ സര്‍ക്കാരിന്റെ കേസുകള്‍ വാദിക്കുന്നതില്‍ നിന്നൊഴിവാക്കിയതും. ഹൈക്കോടതിയിലെ സ്റ്റാന്‍ഡിംഗ് കൗണ്‍സിലായ ജോണ്‍ മാത്യുവിനെ ഒഴിവാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *