സൈന്യത്തിനെതിരെ യാതൊന്നും പറഞ്ഞിട്ടില്ലെന്ന് കോടിയേരി

രാജ്യം കാക്കുന്ന സൈന്യത്തിനെതിരെ താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്ന് സി.പി. എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സൈന്യത്തിന് പ്രത്യേക അധികാരങ്ങള്‍ നല്‍കുന്ന നിയമം (അഫ്‌സ്പ) നടപ്പാക്കിയ സംസ്ഥാനങ്ങളില്‍ പട്ടാളക്കാര്‍ വ്യാപകമായ അക്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്നാണ് താന്‍ പറഞ്ഞത്. താന്‍ ഇതാണ് പറഞ്ഞതെന്ന് പ്രസംഗം കേട്ടവര്‍ക്ക് മനസിലാകും. ചില മാദ്ധ്യമങ്ങള്‍ അത് ശരിയായി റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ടെന്നും കോടിയേരി മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ബ്രിട്ടീഷുകാര്‍ 1942 ല്‍ ക്വിറ്റ് ഇന്ത്യാ സമരക്കാര്‍ക്കെതിരെ നടപ്പാക്കിയ നിയമമാണിത്. ഇന്ത്യയില്‍ 1958ല്‍ നാഗാകലാപകാരികള്‍ക്കെതിരെ ഈ നിയമം പ്രയോഗിച്ചു. 90 മുതല്‍ ജമ്മുകാശ്മീരില്‍ നടപ്പാക്കി. നടപ്പാക്കിയ സ്ഥലങ്ങളിലെല്ലാം ജനം പട്ടാളവുമായി ഏറ്റുമുട്ടി. മണിപ്പൂരില്‍ ഇറോം ശര്‍മിളയുടെ പോരാട്ടം അറിയാമല്ലോ. പട്ടാളം എന്നു കേട്ടപ്പോള്‍ പട്ടാളക്കാര്‍ക്കെതിരെ പറഞ്ഞെന്ന ബി.ജെ.പി  ആര്‍എസ്എസ് പ്രചാരണം അസംബന്ധമാണെന്നും കോടിയേരി പറഞ്ഞു.

ഇന്ത്യയില്‍ ചാതുര്‍വര്‍ണ്യം തിരിച്ചു കൊണ്ടുവരാനുള്ള അജണ്ടയുടെ ഭാഗമാണ് കശാപ്പ് നിരോധനം. ബ്രാഹ്മണരുടെ ഭക്ഷണം ഇന്ത്യയില്‍ അടിച്ചേല്‍പ്പിക്കുകയാണ്. ഇത് അംഗീകരിക്കാന്‍ കഴിയില്ല. ബീഫ് വിഷയത്തില്‍ പ്രത്യേക നിയമനിര്‍മാണം കൊണ്ടുവരുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കും. സംസ്ഥാനങ്ങളോട് ആലോചിക്കാതെയാണു കേന്ദ്രം തീരുമാനമെടുത്തതെന്നും കോടിയേരി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *