തിരൂര്‍: സുസ്ഥിരതയും, അന്ത:സത്തയുമുള്ള സമൂഹമായി മാറാന്‍ ഭാഷാപരമായ അഭിമാനം അനിവാര്യമാണെന്നും ഭാഷാഭിമാനമുള്ള ജനതയ്ക്ക് മാത്രമെ സാമ്പത്തികമായും സാമൂഹികമായും മുന്നേറാന്‍ കഴിയുകയുള്ളുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. ഭാഷാഭിമാനം മലയാളത്തെയും മലയാളക്കരയെയും വളര്‍ത്താനുള്ള ഇന്ധനമായി മാറണം. ഇതാണ് കേരളം ആഗ്രഹിക്കുന്ന സാമൂഹ്യ വികസനത്തിന്റെ ഭാഷാപരമായ അടിത്തറയെന്നും മലയാളസര്‍വകലാശാലയില്‍ ‘മലയാളപാഠം’ കര്‍മ്മപദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി.
മലയാളഭാഷയുടെ മഹത്വം വിസ്മരിച്ചുകൊണ്ട് ഭാഷാപഠനത്തിന്റെ പ്രധാന്യത്തെയും പ്രാപ്തിയെയും തമസ്‌കരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും ഇതിനുനേരെ കണ്ണടയ്ക്കാന്‍ ചരിത്രബോധവും സ്വാഭിമാനവുമുള്ള ഒരു ജനതയ്ക്ക് കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വന്തം ഭാഷയിലുള്ള അഭിമാനം കൈമോശം വന്ന ജനതയുടെ വളര്‍ച്ച പരിമിതമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ നിന്നുപോലും മലയാളത്തെ മാറ്റി നിര്‍ത്താനുള്ള പ്രവണത ഗൗരവമായി കാണുകയാണ്. വ്യത്യസ്ത ചരിത്ര സന്ദര്‍ഭങ്ങളിലൂടെ വളര്‍ന്ന് പുഷ്ടിപ്പെട്ടുവന്ന ഭാഷയാണ് മലയാളം. ഏത് സങ്കീര്‍ണ്ണ ആശയവും അവതരിപ്പിക്കാനുള്ള പ്രാപ്തി ഭാഷയ്ക്കുണ്ട്. വിദേശഭാഷകളില്‍ നിന്ന് പദങ്ങള്‍ കടം വാങ്ങാനും സ്വാംശീകരിക്കാനും നമ്മുടെ ഭാഷയ്ക്ക് പ്രത്യേക കഴിവുണ്ട്. നവോത്ഥാനകാലഘട്ടത്തില്‍ പുരോഗമന ആശയങ്ങളോട് നല്ല രീതിയില്‍ ആഭിമുഖ്യം പുലര്‍ത്താനും ലോകത്തെമ്പാടുമുള്ള ബൗദ്ധികമായ ആശയങ്ങള്‍ സ്വാംശീകരിക്കാനും മലയാളിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഭാഷയുടെ അനന്യമായ ഈ മെയ്‌വഴക്കവും ചലനാത്മകതയും വിസ്മരിച്ചുകൊണ്ടാണ് ഭാഷയെ തമസ്‌കരിക്കാന്‍ ശ്രമം നടക്കുന്നത്. പ്രൊഫഷണല്‍ വിദ്യാഭ്യാസം നേടിയവര്‍ക്ക് പോലും മലയാള അക്ഷരങ്ങള്‍ വായിക്കാന്‍ കഴിയാത്ത അവസ്ഥ നിലനില്‍ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭാഷ പഠിക്കുക മലയാളിയുടെ മൗലികാവകാശമാണ്. ആ അവകാശം നിക്ഷേധിക്കാന്‍ കഴിയില്ല. ഈ ബോധ്യത്തില്‍ നിന്നാണ് തികഞ്ഞ നിശ്ചയദാര്‍ഢ്യത്തോടുകൂടി മലയാളഭാഷാ ബില്‍ നിയമസഭ അംഗീകരിച്ചത്. ഭാഷയുടെ അപചയം ഗവണ്‍മെന്റിന് മാത്രം പരിഹരിക്കാവുന്ന പ്രശ്‌നമല്ല. സമൂഹത്തിന്റെയും ജനതയുടെയും ബോധത്തില്‍ വരേണ്ട മാറ്റത്തിന്റെ പ്രശ്‌നമാണെന്നും അദ്ദേഹം പറഞ്ഞു.
സി. മമ്മൂട്ടി എം.എല്‍ യുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ സര്‍വകലാശാല പുന:പ്രസിദ്ധീകരണം നടത്തിയ ‘കേരളം’, ‘പ്രാചീനസുധ’ എന്നീ പുസ്തകങ്ങളുടെ പ്രകാശനവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. കഥാകൃത്ത് സി. രാധാകൃഷ്ണന്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. യഥാക്രമം ഡോ. സി. ഗണേഷ്, ഡോ. അശോക് ഡിക്രൂസ് എന്നിവരാണ് പുസ്തകങ്ങളുടെ സംശോധനം നിര്‍വ്വഹിച്ചത്. വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ സ്വാഗതം ആശംസിച്ചു. അക്കാദമിക് ഡീനും ഭാഷാശാസ്ത്രം മേധാവിയുമായ ഡോ. എം. ശ്രീനാഥന്‍ മലയാളപാഠം പദ്ധതി വിശദീകരിച്ചു.
ജില്ലാ കലക്ടര്‍ അമിത്മീണ, രജിസ്ട്രാര്‍ ഡോ. കെ. എം. ഭരതന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.പി ഉണ്ണികൃഷ്ണന്‍, നഗരസഭ ചെയര്‍മാന്‍ അഡ്വ. എസ്. ഗിരീഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആര്‍.കെ. ഹഫ്‌സത്ത്, പഞ്ചായത്ത് പ്രസിഡണ്ട് മെഹറുന്നീസ, വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍മാന്‍ പി. കെ. സുജിത്ത് എന്നിവര്‍ സംബന്ധിച്ചു. മലയാളപാഠം പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ക്ക് ഗെയ്മുകളിലൂടെ മലയാളം പഠിക്കാന്‍ കഴിയുന്ന ഭാഷാകേളി എന്ന അപ്ലിക്കേഷന്‍ രൂപ കല്‍പ്പന ചെയ്ത ഗവേഷണ വിദ്യാര്‍ത്ഥിനിയായ പി. ഐശ്വര്യയെ ചടങ്ങില്‍ അഭിനന്ദിച്ചു.
