രാഹുല്‍ ഗാന്ധിയുടേയും, എ.കെ ആന്റണിയുടേയും നിലപാടുകളില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും സജീവ രാഷ്ട്രീയ പ്രവര്‍ത്തനവും ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ച് പാര്‍ട്ടിക്ക് പുറത്തുപോയ യുവനേതാവ് സി.ആര് മഹേഷ് കോണ്‍ഗ്രസില്‍ തിരിച്ചെത്തി. കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് ഇത് സംബന്ധിച്ച അന്തിമ തീരുമാനമെടുത്തത്. രാഹുല്‍ ഗാന്ധിയുമായും എ.കെ ആന്റണിയുമായും വെവ്വേറെ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ്, മഹേഷിന്റെ പാര്‍ട്ടിയിലേക്കുള്ള മടങ്ങിവരവ് പ്രഖ്യാപനം.
വളരെ നല്ല ഉദ്യേശ്യത്തോടെ താന്‍ നടത്തിയ പ്രസ്താവന, ചിലര്‍ വളച്ചൊടിച്ച് തെറ്റിദ്ധാരണ പരത്തിയതാണെന്ന് രാഹുലിനെ ബോധ്യപ്പെടുത്തിയതായി മഹേഷ് വ്യക്തമാക്കി. തന്റെ വിശദീകരണത്തില്‍ തൃപ്തനായ രാഹുല്‍ ഗാന്ധി, പാര്‍ട്ടി പ്രവര്‍ത്തനം പൂര്‍വാധികം ശക്തിയായി തുടരാന്‍ ആവശ്യപ്പെട്ടതായും മഹേഷ് പറഞ്ഞു.
നേരത്തെ, കോണ്‍ഗ്രസ് അദ്ധ്യക്ഷസ്ഥാനം ഏറ്റെടുക്കാനാവില്ലെങ്കില്‍ രാഹുല്‍ ഗാന്ധി സ്ഥാനം ഒഴിയണമെന്നും, എ.കെ ആന്റണി മൗനിബാബയാവാതെ കാര്യങ്ങള്‍ തുറന്ന് പറയണമെന്നും സി.ആര് മഹേഷ് പറഞ്ഞിരുന്നു. പാര്‍ട്ടിയുടെ അദ്ധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നത് രാഹുല്‍ ഗാന്ധി വൈകിപ്പിക്കുന്നതില്‍ വിമര്‍ശിച്ച് ഉന്നയിച്ച, ഈ പ്രസ്താവന വിവാദമായതോടെയണ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും സജീവ രാഷ്ട്രീയ പ്രവര്‍ത്തനവും ഉപേക്ഷിക്കുന്നതായി സി.ആര് മഹേഷ് രണ്ടുമാസം മുമ്പ് പ്രഖ്യാപിച്ചത്.
