മകനെ സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ത്ത് വി.ടി.ബല്‍റാം എം.എല്‍.എ

പാലക്കാട്: മക്കളെ സ്വകാര്യ സ്‌കൂളില്‍ ചേര്‍ക്കാന്‍ മാതാപിതാക്കള്‍ ആഗ്രഹിക്കുന്ന ഇക്കാലത്ത് തൃത്താലയില്‍ നിന്നുള്ള യുവ കോണ്‍ഗ്രസ് എം.എല്‍.എ വി.ടി.ബല്‍റാം തന്റെ മകന്‍ അദ്വൈത് മാനവിനെ സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ത്ത് വേറിട്ട മാതൃകയായി. തന്റെ വീടിന് സമീപത്തുള്ള അരീക്കാട് ഗവണ്‍മെന്റ് സ്‌കൂളിലാണ് മകനെ ബല്‍റാം ചേര്‍ത്തത്. പ്രദേശത്തെ വാര്‍ഡ് മെമ്പര്‍ ശശിയുടെ മകള്‍ അടക്കമുള്ള കുട്ടികള്‍ ഈ സ്‌കൂളില്‍ ചേരുന്നുണ്ടെന്നും തന്റെ ഫേസ്ബുക്ക് പേജിലെ വീഡിയോ സന്ദേശത്തിലൂടെ ബല്‍റാം അറിയിച്ചു.

ജനപ്രതിനിധി എന്ന നിലയില്‍ സ്‌കൂളിലെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യാന്‍ മാത്രമല്ല, ഒരു രക്ഷിതാവ് എന്ന നിലയില്‍ മകനെ സ്‌കൂളില്‍ ചേര്‍ക്കാന്‍ കൂടിയാണ് താന്‍ സ്‌കൂളിലെത്തിയതെന്ന് ബല്‍റാം പറഞ്ഞു. ജനപ്രതിധികളടക്കമുള്ള എല്ലാവരും തങ്ങളുടെ മക്കളെ പൊതുവിദ്യാലയത്തില്‍ ചേര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അടിസ്ഥാന സൗകര്യങ്ങളുടെ കുറവുകള്‍ സ്‌കൂളില്‍ ഉണ്ടെന്ന് ബല്‍റാം പറഞ്ഞു. ഈ സ്‌കൂള്‍ അടക്കം തൃത്താല നിയോജക മണ്ഡലത്തിലെ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളും മികച്ചതാക്കാനുള്ള കര്‍മപദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ചില സ്‌കൂളുകളെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന നടപടികള്‍ തുടങ്ങിയിട്ടുണ്ട്.

സ്വാഭാവികമായും ഹയര്‍ സെക്കന്‍ഡറികളാണ് അതിന്റെ ആദ്യ പരിധിയില്‍ വരുന്നത്. പ്രാഥമിക വിദ്യാഭ്യാസ തലത്തില്‍ അവയെ എത്തിക്കാന്‍ കാലതാമസമെടുക്കും. എന്നാല്‍ തൃത്താല മണ്ഡലത്തിലെ എല്ലാ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളുകളും അടുത്ത നാലു വര്‍ഷത്തിനകത്ത് എം.എല്‍.എ ഫണ്ട് ഉപയോഗപ്പെടുത്തി സമഗ്രമായി പുനരുദ്ധരിക്കാന്‍ പദ്ധതിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി മൂന്നു സ്‌കൂളുകള്‍ ഈ വര്‍ഷം തന്നെ ഏറ്റെടുക്കും.
തുടര്‍ വര്‍ഷങ്ങളിലും ഇങ്ങനെ ഏറ്റെടുക്കാനാണ് ആലോചന. പൊതുവിദ്യാഭ്യാസം ശക്തിപ്പെടണം, മികച്ച നിലവാരമുള്ള അടിസ്ഥാന സൗകര്യമുള്ള സ്ഥാപനങ്ങളായി നമ്മുടെ വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ മാറണമെന്നും ബല്‍റാം പറഞ്ഞു. പുതിയതായി സ്‌കൂളിലെത്തിയ മുഴുവന്‍ കുട്ടികള്‍ക്കും ബല്‍റാം ആശംസ നേരുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *