ജാതിയും മതവും ഇല്ലെന്നെഴുതി മക്കളെ എം.ബി.രാജേഷ് സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ത്തു

പാലക്കാട്: പുതിയൊരു സ്‌കൂള്‍ അദ്ധ്യയന വര്‍ഷം കൂടി പിറന്നപ്പോള്‍ തന്റെ മക്കളെ ലോക്‌സഭാംഗമായ എം.ബി.രാജേഷ്, മലയാളം പഠിപ്പിക്കാത്ത കേന്ദ്രീയ വിദ്യാലയത്തില്‍ ചേര്‍ക്കാതെ സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ത്തു. കേന്ദ്രീയ വിദ്യാലയത്തില്‍ പാര്‍ലമെന്റംഗങ്ങള്‍ക്ക് പ്രത്യേക ക്വാട്ട അനുവദിച്ചിട്ടുള്ളത് വേണ്ടെന്ന് വച്ചാണ് സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ത്തത്. മൂത്ത മകള്‍ നിരഞ്ജനയെ ഗവ.മോയന്‍സ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം കഌസിലും ഇളയമകള്‍ പ്രിയദത്തയെ പാലക്കാട് ഈസ്റ്റ് യാക്കര (മണപ്പുള്ളിക്കാവ്) ഗവ.എല്‍.പി.സ്‌കൂളില്‍ ഒന്നാം ക്ലാസിലുമാണ് ചേര്‍ത്തത്. തന്റെ ഫേസ്ബുക്ക് പേജിലൂടെ രാജേഷ് തന്നെയാണ് ഈ വിവരം വെളിപ്പെടുത്തിയത്. ജാതിയും മതവും ഏതെന്ന കോളത്തില്‍ ഇല്ല എന്നാണ് എഴുതിയതെന്നും അദ്ദേഹം പറഞ്ഞു. യുവ കോണ്‍ഗ്രസ് എം.എല്‍.എ വി.ടി.ബല്‍റാമും മകനെ സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ത്തിരുന്നു.

കേന്ദ്രീയ വിദ്യാലയവും സര്‍ക്കാര്‍ സ്‌കൂളാണെങ്കിലും അവിടെ മലയാളം ഇല്ലാത്തതിനാലാണ് സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ക്കാന്‍ തീരുമാനിച്ചതെന്ന് രാജേഷ് പറഞ്ഞു. പൊതുവിദ്യാലയങ്ങളുടെ മികവിലുള്ള വിശ്വാസവും സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസത്തെ നവീകരിക്കാന്‍ നടത്തുന്ന ശ്രമങ്ങളിലുള്ള പ്രതീക്ഷയുമാണ് മക്കളെ പൊതുവിദ്യാലയത്തില്‍ പഠിപ്പിക്കാന്‍ പ്രേരണയായ ഘടകങ്ങള്‍. ഒപ്പം വിദ്യാര്‍ത്ഥി പ്രവര്‍ത്തകനായിരുന്ന കാലം മുതല്‍ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് നടത്തിയ പ്രക്ഷോഭങ്ങളും അതിനേറ്റു വാങ്ങേണ്ടി വന്ന പൊലീസ് മര്‍ദ്ദനത്തിന്റെയും ജയില്‍ വാസത്തിന്റെയും ഓര്‍മ്മകളും അനുഭവങ്ങളും മക്കളെ പൊതുവിദ്യാലയത്തില്‍ തന്നെ പഠിപ്പിക്കണമെന്ന നിര്‍ബന്ധത്തിന് പിന്നിലുണ്ട്. ജാതിയും മതവും ചോദിക്കുന്ന കോളത്തിന് നേരെ ‘ഇല്ല’ എന്നാണ് രേഖപ്പെടുത്തിയത്. പന്തിഭോജനത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ ഇത്തരമൊരു കാര്യം ചെയ്യാനായതില്‍ അഭിമാനമുണ്ടെന്നും രാജേഷ് പറഞ്ഞു.

എം.പി.യെന്ന നിലയില്‍ അനേകം പേര്‍ക്ക് അവര്‍ മികച്ചതെന്ന് കരുതുന്ന സ്വകാര്യ വിദ്യാലയങ്ങളിലെ പ്രവേശനത്തിന് ശുപാര്‍ശ കത്ത് താന്‍ കൊടുത്തിട്ടുണ്ട്. അതിനും പുറമേ കേന്ദ്രീയ വിദ്യാലയത്തില്‍ എം.പി ക്വാട്ടയിലുള്ള പത്ത് സീറ്റിലേക്ക് മറ്റ് കുട്ടികള്‍ക്ക് പ്രവേശനവും നല്‍കാറുണ്ട്. എണ്ണൂറോളം പേരാണ് കേന്ദ്രീയ വിദ്യാലയത്തിലെ 10 സീറ്റിനായി സമീപിച്ചത്. കിട്ടാത്ത പലര്‍ക്കും തന്നോട് നീരസം തോന്നിയിട്ടുണ്ടാവുമെന്നും ഇത് വായിക്കുമ്പോള്‍ അതല്‍പം കുറയുമെന്ന് വിചാരിക്കുന്നതായും രാജേഷ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *