വയനാട് മെഡിക്കല്‍ കോളേജ് ഒന്നാംഘട്ട കെട്ടിട നിര്‍മാണം ഉടന്‍

കല്‍പ്പറ്റ:   വയനാട് മെഡിക്കല്‍ കോളേജ് നിര്‍മ്മാണത്തിന്റെ ഭാഗമായി റോഡ് നിര്‍മാണത്തിനൊപ്പം അതിന് അനുബന്ധമായി ഒന്നാം ഘട്ട കെട്ടിട നിര്‍മാണവും ആരംഭിക്കുന്നതിനുള്ള പ്രാഥമിക നടപടികള്‍ തുടങ്ങി. ഇതിന്റെ ഭാഗമായി കിഫ്ബിയുടെ നിര്‍ദ്ദേശാനുസരണം കെഎസ്‌ഐഡിസി ചുമതലപ്പെടുത്തിയ സംഘം മെഡിക്കല്‍കോളേജിനായുള്ള സ്ഥലം പരിശോധിച്ചു. ഒരുമണിക്കൂറിലധികം സ്ഥലത്ത് ചെലവഴിച്ച സംഘം കല്‍പ്പറ്റ എംഎല്‍എ സി കെ ശശീന്ദ്രനുമായും മറ്റ് വകുപ്പ്തല ഉദ്യോഗസ്ഥന്‍മാരുമായും ചര്‍ച്ച നടത്തി. 50 ഏക്കര്‍ ഭൂമിയില്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന മെഡിക്കല്‍ കോളേജിന് ആദ്യഘട്ട കെട്ടിടം നിര്‍മിക്കുന്നിതിന് നടത്തേണ്ട പ്രവര്‍ത്തനങ്ങളെ കുറിച്ച് സംഘം അധികൃതര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും.

ആറ്മാസം മുമ്പാണ് മെഡിക്കല്‍ കോളേജ് സ്ഥലത്തേക്ക് ഇരുപത്മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മാണം ആരംഭിച്ചത്. ഈ പ്രവൃത്തി പുരോഗമിക്കുകയാണ്. റോഡ് നിര്‍മാണം പൂര്‍ത്തിയാവുന്നതിന് വരെ കാത്തുനില്‍ക്കാതെ ആദ്യ ബ്‌ളോക്ക് നിര്‍മിക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സി കെ ശശീന്ദ്രന്‍ എംഎല്‍എ പറഞ്ഞു. മെഡിക്കല്‍ കോളേജ് കെട്ടിട നിര്‍മാണത്തില്‍ ഒന്നാംഘട്ടമായി 41 കോടി രൂപ ഭരണാനുമതി ഇതിനകം ലഭിച്ചുകഴിഞ്ഞു. ഈ സാഹചര്യത്തിലാണ് പദ്ധതി കിഫ്ബിയില്‍ ഉള്‍പെടുത്തി തുടര്‍ നടപടികള്‍ ആരംഭിക്കുന്നതെന്നും എംഎല്‍എ പറഞ്ഞു. എംഎല്‍എക്കു പുറമേ എഡിഎം കെ എം രാജുവും ആരോഗ്യവകുപ്പ,് പിഡബഌഡി ഉന്നത ഉദ്യോഗസ്ഥരും സംഘത്തോക്കൊപ്പം ഉണ്ടായിരുന്നു. സംഘത്തിന്റെ സന്ദര്‍ശനത്തോടെ മെഡിക്കല്‍ കോളേജ് നിര്‍മാണത്തിനുള്ള തുടര്‍ പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കാനായേക്കുമെന്ന് പ്രതീക്ഷയിലാണ് വയനാടന്‍ ജനത.

ആരോഗ്യസാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി കെ കെ ശൈലജയാണ് കഴിഞ്ഞ വര്‍ഷം മെഡിക്കല്‍ കോളേജ് എന്ന സ്വപ്‌നത്തിന് ആദ്യ ചുവട്വെപ്പായി പ്രവൃത്തി ഔപചാരികമായി ഉദ്ഘാടനം ചെയ്തത്. യുഡിഎഫ് സര്‍ക്കാര്‍ വയനാട് മെഡിക്കല്‍കോളേജ് പ്രഖ്യാപനം നടത്തി വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും മെഡിക്കല്‍ കോളേജ് യാഥാര്‍ഥ്യമാക്കാനുള്ള  ചെറുനീക്കം പോലും നടത്തിയിരുന്നില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതോടെയാണ് വാഗ്ദാനങ്ങളില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന വയനാട്ടിലെ ജനങ്ങളുടെ ചിരകാല അഭിലാഷമായ മെഡിക്കല്‍കോളേജ് യാഥാര്‍ഥ്യമാക്കാന്‍ നടപടികള്‍ക്ക് ഘട്ടം ഘട്ടമായി തുടക്കമിട്ടത്.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറി രണ്ടരമാസത്തിനുള്ളില്‍ തന്നെ മെഡിക്കല്‍കോളേജ് നിര്‍മാണത്തില്‍ നടപടികളുമായി മുന്നോട്ട് പോയിരുന്നു. എന്നാല്‍ മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട് പുകമറ സൃഷ്ടിക്കാനായിരുന്നു യുഡിഎഫ് ശ്രമിച്ചത്.

ആരോഗ്യസാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി കെ കെ ശൈലജയാണ് മെഡിക്കല്‍ കോളേജ് എന്ന സ്വപ്‌നത്തിന് ആദ്യ ചുവട്വെപ്പായി പ്രവൃത്തി ഔപചാരികമായി ഉദ്ഘാടനം ചെയ്തത്. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് സാങ്കേതിക കുരുക്കുകള്‍ നീക്കി റോഡ് നിര്‍മാണവും തുടങ്ങിയത്. പ്രവൃത്തി ഔപചാരികമായി ഉദ്ഘാടനം നടത്തിയ ശേഷവും എല്‍ഡിഎഫ് സര്‍ക്കാരിന്റെ സദുദ്ദേശപരമായ നടപടികളെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. ഇതിനെല്ലാം മറുപടിയായാണ് മെഡിക്കല്‍കോളേജ് യാഥാര്‍ഥ്യമാക്കുന്ന നടപടികള്‍ ഒരോ ഘട്ടങ്ങളായി മുന്നേറുന്നത്.

Leave a Reply

Your email address will not be published. Required fields are marked *