അമിത് ഷായെയും ബിജെപിയെയും പരിഹസിച്ച് കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: ബിജെപിക്ക് കേരളത്തില്‍ സീറ്റ് കിട്ടണമെങ്കില്‍ ജനങ്ങള്‍ വോട്ട് ചെയ്യണമെന്നും, അതിന് ജനങ്ങളെ ഭീഷണിപ്പെടുത്തിയിട്ട് കാര്യമില്ലെന്നും പികെ കുഞ്ഞാലിക്കുട്ടി എംപി. ബിജെപി കേരളത്തില്‍ സീറ്റ് നേടിയില്ലെങ്കില്‍ സംസ്ഥാന നേതാക്കള്‍ ഭവിഷ്യത്ത് അനുഭവിക്കുമെന്ന അമിത് ഷായുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ നേട്ടമുണ്ടാക്കാമെന്നത് ബിജെപിയുടെ വ്യാമോഹമാണ്. ദേഷ്യം പിടിച്ച് സീറ്റ് കിട്ടണം എന്നു പറഞ്ഞാല്‍ ബിജെപിക്ക് സീറ്റ് കിട്ടുമോ എന്നും കുഞ്ഞാലിക്കുട്ടി പരിഹാസത്തോടെ ചോദിച്ചു. സോണിയ ഗാന്ധി വിളിച്ചു ചേര്‍ത്ത പ്രതിപക്ഷ കക്ഷികളുടെ യോഗം ബിജെപിയ്ക്ക് ബദലായി മുന്നണി രൂപപ്പെടുമെന്ന പ്രതീക്ഷ നല്‍കുന്നതായും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.
അമിത് ഷാ വന്നിടത്തെല്ലാം വര്‍ഗീയ കലാപങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പരിഹാസം നിറഞ്ഞ പ്രതികരണം. ന്യൂനപക്ഷങ്ങളെ വിലയ്‌ക്കെടുക്കാമെന്ന ബിജെപി മോഹം കേരളത്തില്‍ നടപ്പില്ലെന്നും, അമിത് ഷാ പോയ സ്ഥലങ്ങളിലെല്ലാം വര്‍ഗീയ കലാപങ്ങള്‍ ഉണ്ടായിട്ടുള്ളതിനാല്‍ കേരള ജനത ജാഗ്രത പാലിക്കണമെന്നുമായിരുന്നു മജീദിന്റെ അഭിപ്രായം.

കോഴിക്കോട് ചേരുന്ന മുസ്ലീം ലീഗ് രാഷ്ട്രീയ ഉപദേശക സമിതി യോഗത്തിനിടയിലായിരുന്നു ഇരുവരും മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചത്. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ കശാപ്പ് നിയന്ത്രണവും, കേരളത്തിലെ അമിത് ഷായുടെ സന്ദര്‍ശനവുമെല്ലാമാണ് യോഗത്തില്‍ ചര്‍ച്ച ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *