മലപ്പുറം: തമിഴ്നാട്ടിലെ ജെല്ലിക്കെട്ട് നിരോധനത്തിനൊപ്പം ഇല്ലാതായ കാള-പോത്ത് പൂട്ട് മല്‍സരങ്ങള്‍ക്കും ഇനി അനുമതി. കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. 2014ല്‍ സുപ്രിംകോടതിയാണ് ജെല്ലിക്കെട്ട് നിരോധിച്ചത്. നിരോധനത്തിനെതിരേ തമിഴ്നാട്ടിലുയര്‍ന്ന പ്രതിഷേധത്തെതുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ 1960ലെ മൃഗ പീഡന നിരോധന നിയമം ഭേദഗതി ചെയ്യുകയായിരുന്നു. ഇതോടെ കേരളത്തിന്റെ കാര്‍ഷിക ഉല്‍സവമായ കാള-പോത്ത് പൂട്ട് മല്‍സരങ്ങള്‍ക്കും ഇനി അയോഗ്യതയുണ്ടാവില്ല. പക്ഷെ, മൃഗ ഡോക്ടറുടെ സാന്നിധ്യത്തില്‍ മൃഗ പീഡനം നടക്കുന്നില്ലെന്നും ഉത്തേജക മരുന്നുകള്‍ ഉപയോഗിക്കുന്നില്ലെന്നും ഉറപ്പുവരുത്തണം. ഉത്തരവിനെ കാര്ഷികോല്സവ കാളപൂട്ട്-പോത്ത്പൂട്ട് സംരക്ഷക സമിതി സംസ്ഥാന കമ്മറ്റി സ്വാഗതം ചെയ്തു. 13ന് രാവിലെ ഒമ്പതിന് എടപ്പാള്‍ ഐലക്കാട് കെ വി മുഹമ്മദാജിയുടെ കണ്ടത്തില്‍ ആദ്യമല്‍സരം നടക്കും. 14ന് വളാഞ്ചേരിയിലും മല്‍സരം നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ വളപ്പന്‍ ബാവ കിഴിശ്ശേരി, അലി പുതുപ്പള്ളി കരേക്കാട്, ജനചന്ദ്രന്, കുരുണിയന് മോന് ഒതുക്കുങ്ങല്‍, ഇ കെ അബ്ദുല്‍കരീം, മൊയ്തുട്ടി ഹാജി, അബ്ദുസമദ് അമ്പലഞ്ചേരി പങ്കെടുത്തു.
