കല്‍പ്പറ്റ: വയനാട് ജില്ലയിലെ അതിര്‍ത്തിപ്രദേശങ്ങളില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന ബീവറേജസ് കോര്‍പറേഷന്റെ ഔട്ട്‌ലറ്റുകള്‍ അടിസ്ഥാന സൗകര്യങ്ങളോടെ ഉചിതമായ സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കുന്നതിനും അടച്ചുകിടക്കുന്ന മദ്യഷോപ്പുകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നതിനുമുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിനായി ഉത്തരമേഖല ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ കേരളാ സ്റ്റേറ്റ് ബീവറേജസ് കോര്‍പറേഷന്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
മുന്‍സര്‍ക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമായി വയനാട് ജില്ലയില്‍ ആകെയുണ്ടായിരുന്ന 11 എഫ് എല്‍1 ഷോപ്പുകളില്‍ എഫ് എല്‍112002, മേപ്പാടി, എഫ് എല്‍1 12003 കാവുമന്ദം, എഫ് എല്‍1 12004 കല്‍പ്പറ്റ, എഫ് എല്‍1 12006 മീനങ്ങാടി, എഫ് എല്‍1 12010 ചീപ്പാട് എന്നീ ഷോപ്പുകള്‍ നിര്‍ത്തല്‍ ചെയ്തതാണ്. നിലവില്‍ ആറ് ഷോപ്പുകളാണ് ജില്ലയില്‍ പ്രവര്‍ത്തിച്ചുവന്നിരുന്നത്.
എന്നാല്‍ സുപ്രീംകോടതിയുടെ 2016ലെ വിധിയെ തുടര്‍ന്ന് ഇവയില്‍ വൈത്തിരി, പനമരം, സുല്‍ത്താന്‍ബത്തേരി എന്നിവടങ്ങളിലെ ഔട്ട് ലെറ്റുകള്‍ ദേശീയസംസ്ഥാന പാതയില്‍ നിന്നും 500 മീറ്ററിന് ഉള്ളിലായിരുന്നതിനാല്‍ മാറ്റി സ്ഥാപിച്ചു. ഏപ്രില്‍ 12ലെ ഹൈക്കോടതി വിധിയെ തുടര്‍ന്ന് വൈത്തിരി, പനമരം എന്നീ രണ്ട് മദ്യശാലകള്‍ അടഞ്ഞുകിടക്കുകയാണ്.
ഭൂരിപക്ഷ ആദിവാസി ജില്ലയായ വയനാട്ടില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മദ്യത്തിന്റെ ലഭ്യത കുറഞ്ഞത് മൂലം കര്‍ണാടക, തമിഴ്‌നാട് അതിര്‍ത്തികളില്‍ നിന്ന് വ്യാജമദ്യം വ്യാപകമായി ജില്ലയിലെത്താന്‍ ഇടയാക്കിയെന്നും അധികൃതര്‍ പറയുന്നു.കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ മദ്യപിച്ച് ധാരാളമാളുകള്‍ കര്‍ണാടകയിലെത്തി വില കുറഞ്ഞ വ്യാജമദ്യം ഉള്‍പ്പടെയുള്ളവ ഉപയോഗിച്ചുവരുന്നുണ്ടെന്നും, ആയതിനാല്‍ അതിര്‍ത്തികളില്‍ നിന്നുള്ള വ്യാജമദ്യം തടയാന്‍ മാനന്തവാടിയിലെ മദ്യശാല ഉചിതമായ സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കണമെന്നും, പനമത്തേത് ഉടന്‍ തുറന്നുപ്രവര്‍ത്തിക്കണമെന്നുമാണ് ഉത്തരമേഖല ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ ജോയിന്റ് കമ്മീഷണര്‍ ബീവറേജസ് കോര്‍പറേഷന് നല്‍കിയ നിര്‍ദ്ദേശം.
അതിര്‍ത്തി പ്രദേശങ്ങളില്‍ വ്യാജമദ്യമാഫിയകള്‍ പിടിമുറുക്കുകയാണെന്നും സമ്പൂര്‍ണ ആദിവാസി പഞ്ചായത്തായ തിരുനെല്ലി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ആദിവാസികളുടെ സാമൂഹ്യജീവിതത്തില്‍ കടുത്ത വെല്ലുവിളിയായിരിക്കുകയാണെന്നും ചൂണ്ടിക്കാണിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകനായ അഡ്വ. ശ്രീജിത്ത് പെരുമന സംസ്ഥാന മുഖ്യമന്ത്രിക്കും എക്‌സൈസ് കമ്മീഷണര്‍ക്കും സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ഉത്തരമേഖല ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.
ചെക്ക് പോസ്റ്റുകളിലൂടെയുള്ള വ്യാജമദ്യക്കടത്ത് തടയുന്നതിന് ബോര്‍ഡര്‍ പെട്രോളിങ്, അന്തര്‍ സംസ്ഥാന റെയ്ഡുകള്‍ എന്നിവ കര്‍ശനമാക്കുമെന്നും ആദിവാസികള്‍ക്കിടയിലുള്ള അമിതമദ്യപാനം കുറക്കുന്നതിന് അടിയന്തര ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കുമെന്നും എക്‌സൈസ് കമ്മീഷണറുടെ ഉത്തരവില്‍ പറയുന്നു.സുപ്രീംകോടതിയിലെ പാതയോരത്തെ മദ്യശാലാ നിരോധനം കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങളായ കുട്ട, ബാവലി, മച്ചൂര്‍, തമിഴ്‌നാട് അതിര്‍ത്തി പ്രദേശങ്ങളായ താളൂര്‍, പാട്ടവയല്‍ തുടങ്ങിയ പ്രദേശങ്ങളിലെ മദ്യശാലകളെ കാര്യമായി ബാധിച്ചിട്ടില്ല.
പഴയ മദ്യശാലകളില്‍ ഭൂരിപക്ഷവും ഇപ്പോഴും പ്രവര്‍ത്തിക്കുന്നതിനാല്‍ വയനാട്ടിലെ മദ്യലഭ്യത പരമാവധി മുതലെടുക്കുകയും വ്യാജമദ്യമുള്‍പ്പെടെയുള്ള വിപണിയിലെത്തിക്കുകയും ചെയ്യുന്നുണ്ടെന്നും ആദിവാസി സമൂഹങ്ങള്‍ കൂടുതല്‍ വില കുറഞ്ഞ ഇത്തരം മദ്യങ്ങളില്‍ ആകൃഷ്ടരാവുന്നുവെന്നും പരാതിയില്‍ പറഞ്ഞിരുന്നു.
ഗാന്ധിജയന്തി ദിനത്തിലുള്‍പ്പെടെ എല്ലാ അവധി ദിവസങ്ങളിലും അതിര്‍ത്തികളില്‍ മദ്യക്കച്ചവടം നിര്‍ലോഭം നടക്കാറുണ്ട്. കൂടാതെ മദ്യേതര ലഹരി വസ്തുക്കളുടെ ഉപയോഗവും ജില്ലയില്‍ കൂടിവരുന്നതിനായി എക്‌സൈസ് വകുപ്പ് കണ്ടെത്തിയിരുന്നു.കര്‍ണാടകയുടെ ഭാഗമായ ആനമാളം, മച്ചൂര്‍, കോട്ട തുടങ്ങിയ സ്ഥലങ്ങളില്‍ ഇത്തരത്തില്‍ വ്യാജനിര്‍മ്മാണത്തിനും നിലവാരം കുറഞ്ഞ സ്പിരിറ്റില്‍ കൃത്രിമ കളറുകള്‍ ചേര്‍ന്ന് കടലാസ് പാക്കറ്റുകളിലാക്കി വില്‍പ്പനക്കെത്തുകയും ചെയ്യുന്നുണ്ട്.
അതിര്‍ത്തിപ്രദേശങ്ങളിലെ മദ്യശാലകള്‍ നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് മൈസൂര്‍ ജില്ലാകലക്ടര്‍ക്ക് തിരുനെല്ലി പഞ്ചായത്ത് നല്‍കിയ അപേക്ഷ നല്‍കിയിരുന്നെങ്കിലും മദ്യശാലകളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരുന്ന സാഹചര്യമാണുള്ളതെന്നും പരാതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
മാനന്തവാടിയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മദ്യ ചില്ലറ വില്‍പ്പനശാല അടിയന്തരമായി മാറ്റി സ്ഥാപിക്കണമെന്നും, അല്ലാത്തപക്ഷം വലിയ ദുരന്തങ്ങള്‍ക്കും നിയമലംഘനങ്ങള്‍ക്കും കാരണമാവുമെന്നുമാണ് ഫയര്‍ ആന്‍ഡ് സേഫ്ടി, പൊലീസ്, നഗരസഭ, പി ഡബ്ല്യു ഡി എന്നിവര്‍ മാനന്തവാടി സബ്കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് കണക്കിലെടുത്ത് സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കാനാണ് പദ്ധതിയിടുന്നത്.
