കൊച്ചി: അമ്പലപ്പുഴയില്‍ ദമ്പതികള്‍ വെന്തു മരിച്ച സംഭവത്തില്‍ അറസ്റ്റിലായ ചിട്ടിക്കമ്പനിയുടമ സുരേഷ് കുമാറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഇടുക്കി സ്വദേശികളായ കെ. വേണു, ഭാര്യ സുമ എന്നിവരാണ് ഏപ്രില്‍ 22 ന് സുരേഷിന്റെ വീടിനു മുന്നില്‍ വെന്തു മരിച്ചത്.
അമ്പലപ്പുഴയിലെ സുരേഷിന്റെ വീട്ടില്‍ ചിട്ടിപ്പണം ചോദിച്ചെത്തിയ ദമ്പതികള്‍ ദുരൂഹ സാഹചര്യത്തില്‍ പൊള്ളലേറ്റു മരിച്ച സംഭവത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി പോലീസ് സുരേഷിനെ അറസ്റ്റ് ചെയ് തിരുന്നു. ഈ കേസിലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. തന്റെ വീട്ടിലെത്തിയ ഇവര്‍ സ്വയം മണ്ണെണ്ണയൊഴിച്ചു തീകൊളുത്തിയെന്നാണ് സുരേഷിന്റെ വാദം. എന്നാല്‍ സുരേഷ് മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തിയെന്ന് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ വച്ച് വേണുവും ഭാര്യയും പോലീസിനു നല്‍കിയ മരണമൊഴിയില്‍ പറയുന്നുണ്ട്.
സംഭവ സമയത്ത് താന്‍ വീട്ടിലുണ്ടായിരുന്നില്ലെന്നും തനിക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം നിലനില്‍ക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സുരേഷ് ജാമ്യാപേക്ഷ നല്‍കിയത്. മാത്രമല്ല, ഫോറന്‍സിക് പരിശോധനാ ഫലവും അന്വേഷണ റിപ്പോര്‍ട്ടും ദമ്പതികള്‍ ആത്മഹത്യ ചെയ് തതാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും സുരേഷിന്റെ അഭിഭാഷകന്‍ വാദിച്ചു. ഇതു കണക്കിലെടുത്താണ് ജാമ്യം അനുവദിച്ചത്.
60,000 രൂപയും രണ്ട് ആള്‍ജാമ്യവുമാണ് മുഖ്യ വ്യവസ്ഥ. രണ്ടു മാസത്തേക്ക് അമ്പലപ്പുഴയില്‍ പ്രവേശിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടാല്‍ ഹാജരാകണം എന്നിങ്ങനെയുള്ള വ്യവസ്ഥകളും ജാമ്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
