ഖത്തര്‍ പ്രതിസന്ധി പെരുന്നാളിന് മുന്‍പ് തീര്‍ന്നേക്കും

വാഷിങ്ടണ്‍: ലോകം മുഴുവന്‍ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന ഖത്തര്‍ പ്രതിസന്ധിയില്‍ പുതിയ വഴിത്തിരിവ്. രണ്ട് ദിവസമായി തുടരുന്ന ഖത്തര്‍ പ്രതിസന്ധി സംബന്ധിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സൗദി രാജാവുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തി. ഭീകരവാദത്തിനുളള ധനസഹായം തടയുന്നതായിരുന്നു ചര്‍ച്ചയിലെ പ്രധാന വിഷയമെന്ന് വൈറ്റ് ഹൗസ് അധികൃതര്‍ വ്യക്തമാക്കി. ഖത്തറിനെതിരായ നടപടി ഇരുനേതാക്കളും വിലയിരുത്തി.

ഭീകരവാദം തടയുന്നതില്‍ ഗള്‍ഫ് ഏകോപന കൗണ്‍സില്‍ ഒറ്റക്കെട്ടായി നില്‍ക്കേണ്ടതിന്റെ ആവശ്യകത സല്‍മാന്‍ രാജാവുമായി ട്രംപ് പങ്കുവച്ചു. നേരത്തെ, തന്റെ സൗദി സന്ദര്‍ശനത്തെ തുടര്‍ന്നാണു ഖത്തറിനെതിരായ നടപടിയെന്ന് സൂചിപ്പിച്ച് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. അതേസമയം, വിഷയത്തില്‍ കുവൈത്ത് ഇടപെട്ടതും ഖത്തര്‍ ചര്‍ച്ചകള്‍ക്കു മുന്നോട്ടുവന്നതും പ്രശ്‌ന പരിഹാരത്തിന് അധികനാള്‍ വേണ്ടിവരില്ലെന്ന സൂചനയാണു നല്‍കുന്നത്. പെരുന്നാളിനു മുന്‍പു പ്രതിസന്ധി പരിഹരിക്കപ്പെടുമെന്നാണു പ്രതീക്ഷ.

പെരുന്നാള്‍ സമയത്തു ലക്ഷക്കണത്തിനു ജനങ്ങളാണു ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണാനായി ഖത്തറിലേക്കും അവിടെനിന്നു സൗദി, യുഎഇ, ബഹ്‌റൈന്‍ എന്നിവിടങ്ങളിലേക്കും യാത്ര ചെയ്യുന്നത്. ഖത്തറുമായുള്ള കടല്‍, ആകാശ ബന്ധം യുഎഇ വിഛേദിച്ചതിനെ തുടര്‍ന്നു ഫുജൈറ, ജബല്‍ അലി, അബുദാബി തുടങ്ങിയിടങ്ങളില്‍നിന്നു ചരക്കുനീക്കം തടസ്സപ്പെട്ടെങ്കിലും നിരോധനമില്ലാത്ത രാജ്യങ്ങള്‍വഴി അത്യാവശ്യസാധനങ്ങള്‍ എത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.

സല്‍വ, അബു സംറ അതിര്‍ത്തി അടച്ചു ഖത്തറുമായി സൗദി അറേബ്യ കരമാര്‍ഗമുള്ള ബന്ധവും വിച്ഛേദിച്ചതോടെ, ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെ വന്‍തോതില്‍ ചരക്കുഗതാഗതം നിലച്ചിട്ടുണ്ട്. ഭക്ഷ്യവസ്തുക്കളില്‍ 90 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണു ഖത്തര്‍. ഇതില്‍ 40 ശതമാനവും സൗദി അറേബ്യ വഴിയാണ്. എണ്ണൂറോളം ലോറികളാണു ദിവസവും സൗദി അതിര്‍ത്തിവഴി ഖത്തറിലെത്തിയിരുന്നത്. ഈ വഴി ലക്ഷക്കണക്കിനു സന്ദര്‍ശകരും എത്തിയിരുന്നു. സൗദി അറേബ്യയും യുഎഇയുമാണു ഖത്തറിന്റെ മുഖ്യ വ്യാപാര പങ്കാളികള്‍.

2012ല്‍ സൗദിയിലെ വില നിയന്ത്രണവുമായി ബന്ധപ്പെട്ടു ഖത്തറിലേക്കുള്ള ഇറച്ചി കയറ്റുമതി നിര്‍ത്തിയിരുന്നു. അന്നു ബള്‍ഗേറിയയില്‍നിന്നു ഹലാല്‍ ചിക്കന്‍ ഇറക്കുമതി ചെയ്താണു ഖത്തര്‍ പ്രതിസന്ധി തരണം ചെയ്തത്. കുവൈത്ത്, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളിലെ തുറമുഖങ്ങള്‍ വഴി ചരക്ക് നീക്കം നടത്താനാണു കമ്പനികള്‍ ശ്രമിക്കുന്നത്. എന്തായാലും പ്രതിസന്ധി ഉടന്‍ തീരുമെന്ന പ്രതീക്ഷ മലയാളികള്‍ ഉള്‍പ്പെടുന്ന പ്രവാസികള്‍ക്ക് ആശ്വാസം പകരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *