താലികെട്ടിനു മുമ്പ് വധു മുങ്ങി പൊങ്ങിയത് കാമുകനൊപ്പം

പത്തനംതിട്ട:  വധു കല്യാണത്തിന്റെ തലേന്ന് മുങ്ങി കാമുകനുമായി പൊങ്ങുകയായിരുന്നു. ബന്ധുക്കളെയുംകൂട്ടി താലിചാര്‍ത്താനായി ചെറുക്കനെത്തിയപ്പോഴാണ് പെണ്ണിനെ കാണാനില്ലെന്ന് അറിയുന്നത്. പത്തനംതിട്ടയിലെ പുത്തന്‍ പീടികയിലായിരുന്നു ഞായറാഴ്ച നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

എറണാകുളത്തു ജോലി ചെയ്തിരുന്ന പെണ്ണ് എറണാകുളം സ്വദേശിയുമായുള്ള യുവാവുമായി കല്യാണത്തിനു സമ്മതിച്ചു. വിവാഹത്തിനുള്ള ഒരുക്കളുമായി ശനിയാഴ്ച കടന്നുപോയി. എന്നാല്‍ കല്യാണദിവസം കഥമാറി. രാവിലെ പെണ്‍കുട്ടിയെ കാണാനില്ല. പരിഭ്രാന്തിയിലായ വീട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചു. പുലര്‍ച്ചെ രണ്ട് മണിവരെ യുവതി വീട്ടിലുണ്ടായിരുന്നതായി മാതാപിതാക്കള്‍ പൊലീസിനോട് പറഞ്ഞു.

രാവിലെതന്നെ വരന്റെ വീട്ടുകാരെ വിവരമറിയിച്ചെങ്കിലും അവര്‍ അവിടെ നിന്നും പുറപ്പെട്ടുകഴിഞ്ഞിരുന്നു. വിവാഹവേദിയിലെത്തിയ വരന്റെ വീട്ടുകാര്‍ ബഹളമായി. തുടര്‍ന്ന് പത്തനംതിട്ട പൊലീസ് വരനെയും സംഘത്തെയും സ്റ്റേഷനിലേക്കു വിളിച്ചു വരുത്തി. ഇവിടെ വരന്റെയും വധുവിന്റെയും വീട്ടുകാര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. ഒടുവില്‍ പൊലീസിടപെട്ട് ഇരുകൂട്ടരെയും ശാന്തരാക്കി മടക്കിയയച്ചു. എന്നാല്‍ പ്രശ്‌നം അവിടംകൊണ്ടും അവസാനിച്ചില്ല. പെണ്‍കുട്ടി ജോലി ചെയ്തിരുന്ന എറണാകുളത്തേയ്ക്ക് പെണ്‍കുട്ടിയെ തപ്പി ബന്ധുക്കള്‍ പോയി.

കാണാതായ വധുവിന് വേണ്ടി പിറ്റേദിവസവും അന്വേഷണം പുരോഗമിക്കവേ രാവിലെ യുവതി ഒരു യുവാവിനെയും കൂട്ടി പത്തനംത്തിട്ട പൊലീസ് സ്റ്റേഷനിലെത്തി. തങ്ങള്‍ പ്രണയത്തിലാണെന്നും ഒന്നിച്ചു ജീവിക്കാന്‍ അനുവദിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് പൊലീസ് ഇരുവരെയും കോടതിയില്‍ ഹാജരാക്കി.

പൊലീസ് സ്റ്റേഷനില്‍ പറഞ്ഞതുതന്നെ കോടതിയിലും ഇവര്‍ ആവര്‍ത്തിച്ചു. തുടര്‍ന്ന് ഒരുമിച്ചു പോകാന്‍ കോടതി അനുവദിച്ചു. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയുന്നതിനിടെയാണ് യുവാവും യുവതിയും പ്രണയത്തിലായത്. ഇക്കാര്യം അറിഞ്ഞിരുന്നെങ്കിലും വീട്ടുകാര്‍ കാര്യമാക്കിയിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *