കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിനു നേരെ ഉണ്ടായ ബോംബേറില്‍ ജില്ലാ സെക്രട്ടറി പി.മോഹനന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. വെള്ളിയോഴ്ച പുലര്‍ച്ചെയായിരുന്നു ആക്രമണം.
സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നു രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ കോഴിക്കോട് ജില്ലയില്‍ ഹര്‍ത്താല്‍ നടത്തുകയാണ്. ജില്ലാസെക്രട്ടറി പി. മോഹനന്‍ യാത്രകഴിഞ്ഞ് കാറില്‍ ഓഫീസിലെത്തി വരാന്തയിലേക്ക് കയറുമ്പോഴായിരുന്നു ബോംബേറ്. രണ്ട് ബോംബുകളാണ് എറിഞ്ഞത്. ഒരെണ്ണം പൊട്ടി. ഓഫീസ് വരാന്തയിലുണ്ടായിരുന്ന പാര്‍ട്ടിപ്രവര്‍ത്തകന്‍ സുര്‍ജിത്തിന് മുറിവേറ്റു.
മുറ്റത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടറിന്റെ ചില്ലുകള്‍ തകര്‍ന്നു. ബോംബിനകത്തെ ചീളുകള്‍ ഓഫിസ് വരാന്തയിലേക്ക് തെറിച്ചുവീണു. ഭിത്തിയിലെ നോട്ടിസ് ബോര്‍ഡിലേക്ക് ചീളുകള്‍ തറച്ചിട്ടുണ്ട്. നാലു പേരാണ് ബോംബെറിഞ്ഞതെന്ന് സംഭവത്തിന്റെ ദൃക്‌സാക്ഷി കൂടിയായ ജില്ലാ സെക്രട്ടറി പി.മോഹനന്‍ പറഞ്ഞു. ആര്‍എസ്എസിന്റെ ആസൂത്രിത അക്രമമാണിതെന്ന് സിപിഎം ആരോപിച്ചു.
വയനാട് റോഡില്‍ ക്രിസ്ത്യന്‍ കോളേജിന് സമീപമാണ് ഓഫീസ്. വിവരമറിഞ്ഞ പാര്‍ട്ടിനേതാക്കളും ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്കു നേരെയുണ്ടായ കയ്യേറ്റത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയില്‍ നിരവധി പ്രകടനങ്ങള്‍ നടന്നിരുന്നു.
