ഉദയന്റെയും ജലജയുടെയും മക്കള്‍ ഇനി ‘ധൈര്യമായി’ സ്‌കൂളില്‍ പോകും

പത്തനംതിട്ട:  കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കാന്‍, അവര്‍ക്ക് വസ്ത്രങ്ങള്‍ വാങ്ങാന്‍, ഭക്ഷണം നല്‍കാന്‍ നിവൃത്തിയില്ലാതെ  മരവിച്ച മനസുമായി  കഴിഞ്ഞ കുടുംബത്തിന് സിപിഐ എം  ആശ്രയമായി.  മൂന്ന് കുട്ടികളും  അച്ഛനും അമ്മയുമടങ്ങിയ കുടുംബത്തെ കുന്നിട ലോക്കല്‍ കമ്മിറ്റി ദത്തെടുത്തു. കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകുന്നതിനാവശ്യമായ വസ്ത്രങ്ങള്‍, കുട, ചെരിപ്പ്, ബാഗ്,  കുടുംബത്തിനാവശ്യമായ ഭക്ഷണസാധനങ്ങള്‍ എന്നിവയെല്ലാം വീട്ടിലെത്തിച്ചു. ഏനാദിമംഗലം, മരങ്ങാട്, വേങ്ങവിള താഴേതില്‍ ഉദയന്റെ വീട്ടിലിപ്പോള്‍ പ്രതീക്ഷകളുടെ തിരയിളക്കമാണ്.

രോഗിയായ  രക്ഷാകര്‍ത്താക്കളുടെ ബുദ്ധിമുട്ട് കാരണം മൂന്ന് കുട്ടികളും കഴിഞ്ഞ അധ്യായനവര്‍ഷാരംഭത്തില്‍തന്നെ  പഠനമുപേക്ഷിച്ച് സ്‌കൂളിന്റെ പടിയിറങ്ങിയിരുന്നു. പുതിയ അധ്യായനവര്‍ഷം പിറന്നതുപോലും കഴിഞ്ഞ ദിവസം വരെ അവരറിഞ്ഞിരുന്നില്ല. പുത്തനുടുപ്പും  കുടുയും ബാഗും ചെരിപ്പുമെല്ലാം  ഇന്നലെ വരെ അവര്‍ക്ക് സ്വപ്‌നങ്ങളില്‍ മാത്രമായിരുന്നെങ്കില്‍ ഇന്നിപ്പോള്‍ അത് കൈകളിലെത്തിയ സന്തോഷത്തിലാണ്.  ഉദയന്റെ മക്കളില്‍ ഉമേഷ് എട്ടിലും സുമേഷ് അഞ്ചിലും ഉദീഷ് മൂന്നിലുമാണ് ചേര്‍ന്ന് പഠിക്കുക. നെഞ്ചുവേദനയെ തുടര്‍ന്ന് കഠിനമായ ജോലികള്‍ ചെയ്യാന്‍ കഴിയാത്ത സ്ഥിതിയിലാണ് ഉദയന്‍.  ഭാര്യ ജലജയുടെ  അധ്വാനമായിരുന്നു കുടുംബത്തിന്റെ ഏകവരുമാന മാര്‍ഗം.ആലുവയില്‍ ഒരു കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളിയായിരുന്നു അവര്‍. കുട്ടികളുടെ പഠനവും അവിടെതന്നെയായിരുന്നു. കശുവണ്ടിക്കറയുടെ അലര്‍ജിമൂലം  കൈകള്‍ പൊട്ടി വ്രണമായതിനെ തുടര്‍ന്ന്  ജോലി ഉപേക്ഷിച്ച് നാട്ടില്‍ തിരിച്ചെത്തി. കൈകള്‍ക്കുണ്ടായ അലര്‍ജിമൂലം മറ്റ് പണികളൊന്നും  ചെയ്യാന്‍ കഴിയാതെവന്നു. കുട്ടികള്‍ക്ക് സമയത്ത് ഭക്ഷണം നല്‍കാന്‍ പോലുമായില്ല.

ബന്ധുക്കളുടെയും  നാട്ടുകാരുടെയും  സഹായത്തോടെയാണ്  കുടുംബം ഇത്രയും  നാള്‍ ജീവിച്ചത്.  സമയപ്രായക്കാരായ കുട്ടികള്‍ സന്തോഷത്തോടെ സ്‌കൂളില്‍ പോകുന്നത് കണ്ടപ്പോള്‍ തന്റെ കുട്ടികളുടെ ഭാവിയോര്‍ത്ത് ആ അമ്മ നൊമ്പരപ്പെട്ടു. സൌജന്യതാമസവും ഭക്ഷണവും  വസ്ത്രവും നല്‍കി പഠിപ്പിക്കുന്ന ഏതെങ്കിലും സ്ഥാപനത്തില്‍ ചേര്‍ത്ത് കുട്ടികളെ പഠിപ്പിക്കാന്‍ സഹായിക്കണമെന്നഭ്യര്‍ഥിച്ചാണ് സിപിഐ എം ലോക്കല്‍ കമ്മിറ്റിയംഗം മുജീബിനെ അവര്‍ സമീപിച്ചത്.  ഈ വിഷയം ശ്രദ്ധയില്‍പ്പെട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവിന്റെ നിര്‍ദേത്തെ തുടര്‍ന്നാണ് ആ കുടുംബത്തെ ദത്തെടുക്കാന്‍ ലോക്കല്‍ കമ്മിറ്റി തീരുമാനിച്ചത്.

നാല് തൂണില്‍ തകര ഷീറ്റുകൊണ്ട് മേഞ്ഞ കൂരയുടെ വശങ്ങളും ഷീറ്റ്‌കൊണ്ട് മറച്ചിരിക്കുകയാണ്. വീടിന്റെ തറയില്‍  ഈര്‍പ്പം മൂലം ചവിട്ടിനില്‍ക്കാന്‍പോലും  കഴിയില്ല. രാത്രിയില്‍ മൂന്ന് കുട്ടികളും മറ്റ് വീടുകളിലാണ് അന്തിയുറങ്ങുന്നത്.  വീടിനകത്ത് കുട്ടികള്‍ക്കിരുന്ന് പഠിക്കുന്നതിനോ പുസ്തകം വയ്ക്കുന്നതിനോ ഉള്ള യാതൊരു സൌകര്യങ്ങളുമില്ല.മൂന്നര സെന്റ് ഭൂമി മാത്രമാണ്  കുടുംബത്തിന്റെ സ്വത്ത്.  ഇത്തരം ദൈന്യതകള്‍ക്കും പരിഹാരം കാണാനാണ് സിപിഐ എം ലക്ഷ്യമിടുന്നത്.

പഠനോപകരണങ്ങളുടെ വിതരണം സിപിഐ എം  ജില്ലാസെക്രട്ടറി കെ പി ഉദയഭാനു നിര്‍വഹിച്ചു. ബ്‌ളോക്ക് പഞ്ചായത്തംഗം  ആര്‍ രാജഗോപാലന്‍നായര്‍ അധ്യക്ഷനായി.  ലോക്കല്‍ കമ്മിറ്റിയംഗം മുജീബ് സ്വാഗതം പറഞ്ഞു. ജില്ലാ കമ്മിറ്റിയംഗം പ്രൊഫ. കെ  മോഹന്‍കുമാര്‍ നോട്ട് ബുക്ക് വിതരണം ചെയ്തു. ഏനാദിമംഗലം സഹകരണ ബാങ്ക് പ്രസിഡന്റ് ജി സനന്ദനുണ്ണിത്താന്‍ ഭക്ഷണകിറ്റ് വിതരണം ചെയ്തു.  ജില്ലാപഞ്ചായത്ത് അംഗം  അഡ്വ.  ആര്‍ ബി രാജീവ്കുമാര്‍, അനീഷ്‌കുമാര്‍, വി ഭാസി, യശോധരന്‍, വാമനന്‍, അജോഷ് ആമ്പാടി എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *