ദമാസ്കസ്: ദാഇഷ് തലവന്‍ അബുബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ശനിയാഴ്ച നടന്ന വ്യോമാക്രമണത്തില്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായുള്ള വിവരം സിറിയന്‍ മാധ്യമങ്ങളാണ് പുറത്ത് വിട്ടത്.
ദാഇഷ് അധിനിവേശ പ്രദേശമായ റാഖയില്‍ അതി ശക്തമായ വ്യോമാക്രമണം നടന്നതായും ഇതില്‍ ബാഗ്ദാദി കൊല്ലപ്പെട്ടെന്നും ദാഇഷ് വാര്‍ത്ത ചാനല്‍ അമാഖ് പുറത്ത് വിട്ടു. നേരത്തെ ബാഗ്ദാദി കൊല്ലപ്പെട്ടതായുള്ള വിവരമുണ്ടായിരുന്നെങ്കിലും അത് വാസ്തവമല്ലെന്ന് തെളിഞ്ഞിരുന്നു.
മുമ്പ് ഒരു പ്രാവശ്യം ഇറാഖ് പട്ടാളക്കാര്‍ ബാഗ്ദാദിയെ പിടിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും മിനിട്ടുകളുടെ വ്യത്യാസത്തില്‍ ട്രാപ്പ് ഡോറിലൂടെ ഇദ്ദേഹം രക്ഷപ്പെടുകയായിരുന്നു. അല്‍ബാഗ്ദാദിയുടെ ഡെപ്യൂട്ടി ആയ അയാദ് അല്‍ജുമൈലി ഒരു വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട് ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് ആ വെളിപ്പെടുത്തല്‍ വന്നത്.
മാര്‍ച്ചില്‍ അല്‍ബാഗ്ദാദി അദ്ദേഹത്തിന്റെ പോരാളികളെ ഉപേക്ഷിക്കുകയും ഇറാഖി സേനയുടെ ആക്രമണം ഭയന്ന് ഒളിവില്‍ പോകുകയും ചെയ്തതായി യു എസ്, ഇറാഖ് അധികാരികള്‍ വിശ്വസിച്ചിരുന്നു.
ക്രൂരമായ വധശിക്ഷകള്‍, മൃതദേഹങ്ങളുടെ പൊതു പ്രദര്‍ശനങ്ങള്‍, ലൈംഗിക കടത്തല്‍ എന്നിവ ഉള്‍പ്പെടെ ഏറ്റവും മോശപ്പെട്ട, അതിശക്തമായ അതിക്രമങ്ങള്‍ നടക്കുന്ന സ്ഥലമാണ് റാഖ. ഇവിടെ ദാഇഷ് ഭരണത്തിന് കീഴിലായി 3,00,000 സിവിലിയന്മാര് താമസിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്നു. ഇതില്‍ 80,000 പേരും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്ന് പലായനം ചെയ്തുവന്നവരാണ്.
ഡോ. ഇബ്രാഹിം, അബു ദുആ എന്നീ പേരുകളില്‍ മുമ്പ് വിളിക്കപ്പെട്ടിരുന്ന ബാഗ്ദാദി, ഖലീഫ ഇബ്രാഹിം എന്നാണ് പിന്നീട് അറിയപ്പെട്ടത്. 1971ല്‍ ഇറാഖിലെ സമാറയില്‍ ജനിച്ച ബാഗ്ദാദി ഇറാഖ് സര്‍വ്വകലാശാലയില്‍ നിന്നും ഇസ്ലാമിക തത്ത്വശാസ്ത്ര പഠനത്തില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കിയിട്ടുണ്ട്.
ലോകത്തിലെ കൊടും കുറ്റവാളികളുടെ പട്ടികയില്‍ പെടുത്തിയ ബാഗ്ദാദിയെ പിടികൂടാനോ കൊലപ്പെടുത്താനോ സഹായിക്കുന്നവര്‍ക്ക് 34 മില്യണ്‍ ഡോളര്‍ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.
