മെട്രോ: അവസാനഘട്ട ഒരുക്കങ്ങള്‍ വിലയിരുത്തി ഇ. ശ്രീധരന്‍

കൊച്ചി: കൊച്ചി മെട്രോ ഉദ്ഘാടന ചടങ്ങില്‍ നിന്നും തന്നെ ഒഴിവാക്കിയത് വിവാദമാക്കാതെ അവസാനഘട്ട ഒരുക്കങ്ങള്‍ വിലയിരുത്തി ഇ.ശ്രീധരന്‍. മെട്രോ ഉദ്ഘാടനം ശനിയാഴ്ച നടക്കാനിരിക്കെ, സ്റ്റേഷനുകളുടെയും ട്രെയിനുകളുടെയും മറ്റും അവസാനവട്ട ഒരുക്കങ്ങള്‍ വിലയിരുത്താന്‍ വ്യാഴാഴ്ച രാവിലെ തന്നെ ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്‍ എത്തി. ഉദ്ഘാടന ചടങ്ങ് നടക്കുന്ന പാലാരിവട്ടം സ്റ്റേഷനിലെത്തിയ അദ്ദേഹം ഒരുക്കങ്ങളും സുരക്ഷാക്രമീകരണങ്ങളും പരിശോധിച്ചു.

കെ.എം.ആര്‍.എല്‍ ഉദ്യോഗസ്ഥരും ഇ. ശ്രീധരനോടൊപ്പമുണ്ട്. ഉദ്ഘാടനശേഷം മെട്രോ സര്‍വീസ് നടത്തുന്ന പാലരിവട്ടം മുതല്‍ മുഴുവന്‍ ദൂരം ശ്രീധരന്‍ വിശദമായി പരിശോധിച്ചേക്കും.

അതേസമയം, മെട്രോമാന്‍ ഇ.ശ്രീധരന്‍ ഉള്‍പ്പെടെയുള്ളവരെ ഉദ്ഘാടന വേദിയില്‍ നിന്നും ഒഴിവാക്കിയതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയച്ചു. ഇ.ശ്രീധരനെ വേദിയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, സ്ഥലം എം.എല്‍.എ പി.ടി. തോമസ് എന്നിവരെയും വേദിയില്‍ ഉള്‍പ്പെടുത്തണമെന്നു കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചീഫ് സെക്രട്ടറി നളിനി നെറ്റോയാണ് പ്രധാനമന്ത്രിയുടെ ഓഫീസിനു കത്തയച്ചത്.

ഇ.ശ്രീധരന്‍ ഉള്‍പ്പെടെയുള്ള പ്രമുഖരെ വേദിയില്‍നിന്ന് ഒഴിവാക്കി പ്രധാനമന്ത്രിയുടെ ഓഫിസ് ക്ഷണക്കത്ത് തയാറാക്കിയതാണ് വിവാദമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു എന്നിവരുടെ പേരുകള്‍  മാത്രമേ ക്ഷണക്കത്തിലുള്ളൂ. ക്ഷണക്കത്തില്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കിലും മന്ത്രി തോമസ് ചാണ്ടി,  കെ.വി. തോമസ് എം.പി, മേയര്‍ സൗമിനി ജയിന്‍ എന്നിവര്‍ക്കും വേദിയില്‍ ഇരിപ്പിടമുണ്ടാകും. പ്രധാനമന്ത്രി, മുഖ്യമന്ത്രി, വെങ്കയ്യ നായിഡു എന്നിവര്‍ക്ക് മാത്രമായിരിക്കും സംസാരിക്കാന്‍ അവസരം.

വേദിയില്‍ നിന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, തൃക്കാക്കര എം.എല്‍.എ പി.ടി. തോമസ്, കൊച്ചി േെമട്രാ റെയില്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ് തുടങ്ങിയവരെ ഒഴിവാക്കിയിരുന്നു.

13 പേരടങ്ങുന്ന പട്ടികയാണ് കെ.എം.ആര്‍.എല്‍ അധികൃതര്‍ പ്രധാനമന്ത്രിയുടെ ഓഫിസില്‍ നല്‍കിയിരുന്നത്. മുഖ്യമന്ത്രി, ഗവര്‍ണര്‍, ഇ. ശ്രീധരന്‍, പ്രതിപക്ഷ നേതാവ്, മന്ത്രി തോമസ് ചാണ്ടി, കെ.വി. തോമസ് എം.പി, ഏലിയാസ് ജോര്‍ജ്, പി.ടി. തോമസ് എം.എല്‍.എ, മേയര്‍ സൗമിനി ജയിന്‍, കേന്ദ്ര നഗരവികസന സെക്രട്ടറി, സംസ്ഥാന ചീഫ് സെക്രട്ടറി തുടങ്ങിയവരാണ് ഇതിലുണ്ടായിരുന്നത്. എന്നാല്‍, പ്രധാനമന്ത്രിയുടെ ഓഫിസ് ഇതില്‍നിന്ന് ആറ് പേരെ വെട്ടുകയായിരുന്നു. പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ ഏഴ് പേര്‍ മാത്രമേ വേദിയില്‍ ഉണ്ടാകൂ എന്നാണത്രേ ചട്ടം.

ഇ. ശ്രീധരനെ ഒഴിവാക്കിയതാണ് വലിയ പ്രതിഷേധത്തിനിടയാക്കിയത്. എന്നാല്‍, ഇതില്‍ അസ്വാഭാവികതയില്ലെന്നും ശനിയാഴ്ച നടക്കുന്ന ഉദ്ഘാടനത്തില്‍ പങ്കെടുക്കുമെന്നും ഇ. ശ്രീധരന്‍ വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *