കല്‍പ്പറ്റ: ആദിവാസി കോളനിയില്‍ ദ്രവിച്ചുതീരാറായ വീട്ടിമരങ്ങള്‍ നാല് കുടുംബങ്ങളുടെ ഉറക്കംകെടുത്തുന്നു. കല്‍പ്പറ്റ നഗരസഭയിലെ മണിയങ്കോട് മൂവട്ടിക്കുന്ന് കോളനി നിവാസികളാണ് ഭീതിയോടെ ദിവസങ്ങള്‍ തള്ളിനീക്കുന്നത്.
കോളനിയിലെ ബിജു, ഓമന, രാജന് എന്നിവരുടെ വീടുകള്‍ക്ക് തൊട്ടടുത്താണ് വലിയ വീട്ടിമരം നിലംപൊത്താറായ നിലയിലുള്ളത്. അടിഭാഗം പൂര്‍ണമായും ദ്രവിച്ച നിലയിലാണ് മരത്തിന്റെ നില്‍പ്പ്. മൂന്ന് വീടുകളിലായി പത്ത്പേരാണ് താമസിക്കുന്നത്. ഇതിന് തൊട്ടടുത്ത കുറുമന്റെ വീടിന് തൊട്ടടുത്താണ് മറ്റൊരു മരം. മൂന്ന് പേരടങ്ങുന്നതാണ് കുടുംബം. ഈ മരം വീണാല്‍ സമീപത്തുള്ള ജയയുടെ വീടും തകരും.
കാറ്റടിക്കുമ്പോള്‍ പേടിച്ചുവിറച്ചാണ് കഴിയുന്നതെന്ന് കോളനിക്കാര്‍ പറഞ്ഞു. മരം മുറിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് നിരവധി പരാതികള്‍ തഹസില്‍ദാര്‍, വനംവകുപ്പ്, നഗരസഭ എന്നിവര്‍ക്കെല്ലാം നല്‍കിയിരുന്നു. റവന്യു ഉദ്യോഗസ്ഥര്‍ വന്നുപോയതല്ലാതെ നടപടിയൊന്നും ഉണ്ടായില്ല. കുന്നിന്‍പ്രദേശത്തുള്ള കോളനിയായതുകൊണ്ടുതന്നെ മിക്കസമയത്തും ശക്തമായ കാറ്റുണ്ടാവും. മരം മറിഞ്ഞുവീണാല്‍ വീടും വീട്ടുകാരും ഉണ്ടാവില്ലെന്ന് അറിഞ്ഞിട്ടും ആരും തിരിഞ്ഞുനോക്കുന്നില്ലെന്നും കോളനി നിവാസികളായ കുറുമന്, ശാരദ തുടങ്ങിയവര്‍ പറഞ്ഞു.
