കൊച്ചി: കൊച്ചി മെട്രോ രണ്ടാം ഘട്ടം നടപ്പാക്കുമ്പോള്‍ എംഡി സ്ഥാനത്ത് താനുണ്ടായിരിക്കില്ലെന്ന് കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ്. സ്വരം നന്നായിരിക്കുമ്പോള്‍ പാട്ടുനിര്‍ത്തുന്നതാണ് നല്ലതെന്നും ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കഴിവുള്ളവര്‍ പുതുതലമുറയിലുണ്ടെന്നും ഏലിയാസ് ജോര്‍ജ് പറഞ്ഞു.
മെട്രോയുടെ ആദ്യഘട്ടം വിജയിപ്പിക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യമുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പ്രധാനമന്ത്രിക്കൊപ്പം മെട്രോയില്‍ യാത്ര ചെയ്തത് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അനുമതിയോടെയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അഭിമാനമുണ്ട്. നാലുവര്‍ഷമായി നിരവധിപേരുടെ അധ്വാനത്തിന്റെ ഫലമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. കൊച്ചിക്കാരെ വളരെയധികം ബുദ്ധിമുട്ടിക്കേണ്ടി വന്നിട്ടുണ്ട്. അവര്‍ക്ക് മെട്രോ ഇന്ന് തിരികെ നല്‍കുകയാണ്. തിങ്കളാഴ്ച മുതല്‍ മെട്രോ ജനങ്ങളുടേതാണ്. ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ കൊണ്ടുവരാന്‍ സാധിച്ചതില്‍ അഭിമാനമുണ്ട്’ ഏലിയാസ് ജോര്‍ജ് പറഞ്ഞു.
ആലുവ മുതല്‍ തൃപ്പൂണിത്തുറ വരെയാണു മെട്രോയുടെ ഒന്നാം ഘട്ടമെങ്കിലും പാലാരിവട്ടം വരെയുള്ള ഭാഗമാണു ഇപ്പോള്‍ പൂര്‍ത്തിയായത്. എംജി റോഡില്‍ മഹാരാജാസ് കോളജ് വരെയുള്ള 18 കിലോമീറ്റര്‍ ദൂരം രണ്ടു മാസത്തിനകം പൂര്‍ത്തിയാകും. തൃപ്പൂണിത്തുറയിലേക്ക് എത്താന്‍ രണ്ടു വര്‍ഷവുമെടുക്കും. കാക്കനാട് ഇന്‍ഫോ പാര്‍ക്കിലേക്കുള്ള രണ്ടാംഘട്ട വികസനത്തിനു കേന്ദ്രാനുമതി കാത്തിരിക്കുകയാണ്.
