തൊടുപുഴ: ഇ.എസ് ബിജിമോള്‍ എം.എല്‍.എയെ തിരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാന്‍ ശ്രമിച്ചതിന് സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം വാഴൂര്‍ സോമനെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്താന്‍ ജില്ലാ കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റിയോടും കൗണ്‍സിലിനോടനും ശുപാര്‍ശ ചെയ്തു. വണ്ടിപ്പെരിയാര്‍ വാളാര്‍ഡി ബ്രാഞ്ചിലേക്കാണ് തരംതാഴ്ത്തുക. ഇന്നലെ ചേര്‍ന്ന സി.പി.ഐ ജില്ലാ എക്സിക്യുട്ടിവ് കമ്മിറ്റിയുടെ തീരുമാനം ജില്ലാ കൗണ്‍സില്‍ അംഗീകരിക്കുകയായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വന്തം പാര്‍ട്ടിയിലെ തന്നെ സ്ഥാനാര്‍ത്ഥിയായ ഇ.എസ്. ബിജിമോളെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയെ തുടര്‍ന്നാണ് നടപടി.
ബിജിമോളുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനറായിരുന്ന പി.എസ് ഭാസ്കരന്റെ പരാതിയെ തുടര്‍ന്ന് സി.എ ഏലിയാസിന്റെ നേതൃത്വത്തില്‍ മൂന്നഗ അന്വേഷണ കമ്മീഷനെ പാര്‍ട്ടി നിയോഗിച്ചിരുന്നു. കമ്മീഷന്റെ അന്വേഷണത്തില്‍ തിരഞ്ഞെടുപ്പില്‍ ബിജിമോളെ തോല്‍പ്പിക്കാന്‍ വാഴൂര്‍ സോമന്റെ നേതൃത്വത്തില്‍ ശ്രമം നടന്നതായി കണ്ടെത്തിയ റിപ്പോര്‍ട്ട് ജില്ലാ കമ്മിറ്റിക്ക് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് വാഴൂര്‍ സോമനെതിരെ നടപടി എടുക്കണമെന്ന് ശുപാര്‍ശ ചെയ്യാന്‍ ജില്ലാ കൗണ്‍സില്‍ യോഗം തീരുമാനിച്ചത്.
ജില്ലയിലെ പ്രമുഖ നേതാവായ നിലവില്‍ വെയര്‍ഹൗസിംഗ് കോര്പ്പറേഷന് ചെയര്മാന്കൂടിയാണ് വാഴൂര്‍ സോമന്. ഈ പദവി മാറുന്നത് സംബന്ധിച്ച് വ്യക്തത ആയില്ല.
സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗത്തിനൊപ്പം എ.ഐ.ടി.യു.സിയുടെ സംസ്ഥാന വൈസ് പ്രസിഡന്റുകൂടിയാണ് വാഴൂര്‍ സോമന്. തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നുമാണ് തരംതാഴ്ത്താന്‍ തീരുമാനം. വാഴൂര്‍ സോമന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന ഇ.എസ് ബിജിമോള്‍ എം.എല്‍.എ തിരഞ്ഞെടുപ്പിന് ശേഷം പ്രതികരിച്ചത് വിവാദമായിരുന്നു. ഇക്കാര്യത്തില്‍ ബിജിമോളെ ജില്ലാ കൗണ്‍സില്‍ താക്കീത് നല്‍കുകയും ചെയ്തിരുന്നു.
