സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിനെതിരെ സമരത്തിനിറങ്ങണമെന്ന ആഹ്വാനവുമായി തലശ്ശേരി അതിരൂപതയിലെ പള്ളികളില്‍ ഇടയലേഖനം വായിച്ചു. ഞായറാഴ്ച കുര്‍ബാനമധ്യേയാണ് തലശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ ജോര്‍ജ് ഞരളക്കാട്ട് പുറപ്പെടുവിച്ച ഇടയലേഖനം വായിച്ചതെന്നും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.
സര്‍ക്കാര്‍ പ്രഖ്യാപിച്ച മദ്യനയം, പടിപടിയായി മദ്യം നിരോധിക്കുമെന്ന പ്രഖ്യാപിതനയത്തില്‍ നിന്നുള്ള തിരിച്ചുപോക്കും സമൂഹത്തോടുള്ള വെല്ലുവിളിയുമാണെന്ന് ഇടയലേഖനത്തില്‍ പറയുന്നു. വഴിനീളെ മദ്യഷാപ്പുകള്‍ തുറന്നുവെച്ചിട്ട് മദ്യം വര്‍ജിക്കണമെന്ന് പറയുന്നതില്‍ ആത്മാര്‍ഥതയില്ല.
തിരഞ്ഞെടുപ്പ് കാലത്ത് മദ്യമുതലാളിമാരും ഇടതുമുന്നണിയും തമ്മിലുണ്ടാക്കിയ രഹസ്യധാരണയുടെ ബാക്കിപത്രമാണെന്നും കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്ന് ആരെങ്കിലും ആരോപിച്ചാല്‍ തെറ്റുപറയാനാവില്ല. പൂട്ടിയ ബാറുകള്‍ തുറക്കാനുള്ള തീരുമാനം ഏതാനും ബാറുടമകളുടെ നന്മയ്ക്കു വേണ്ടിയാണെന്നും ഇടയലേഖനത്തിലുണ്ട്.
