കൊച്ചി മെട്രോ കബളിപ്പിച്ചതായി ആരോപണം

കൊച്ചി: ഹൗസ് കീപ്പിങ്ങ് അടക്കമുള്ള തസ്തികയിലേക്ക് 23 ഓളം ഭിന്നലിംഗക്കാര്‍ക്ക് ജോലി നല്‍കി കൊച്ചി മെട്രോ മാതൃകകാണിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വരെ കയ്യടി ലഭിച്ചു. പ്രധാനമന്ത്രി തന്റെ ഉദ് ഘാടന പ്രസംഗത്തില്‍ ഇക്കാര്യം പ്രത്യേകം പരാമര്‍ശിക്കുക പോലും ചെയ്തു. എന്നാല്‍ ഇത് ശുദ്ധ തട്ടിപ്പ് ആയിരുന്നുവെന്നാണ് ഭിന്നലിംഗക്കാരായ ആതിര, ശാന്തി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചത്.

നിലവില്‍ ഉണ്ടായിരുന്ന ജോലി പോലും നഷ്ടപ്പെട്ടതിനാല്‍ ഇപ്പോള്‍ വഴിയില്‍ ഇറങ്ങി പിച്ചതെണ്ടുകയാണെന്നു ഇരുവരും പറഞ്ഞു. 30 ദിവസത്തെ പരിശീലനവും ഇന്റര്‍വ്യുവും നടത്തിയശേഷം കുടുംബശ്രി അധികൃതര്‍ ഇപ്പോള്‍ നാടകം കളിക്കുകയാണെന്നും ഇരുവരും ആരോപിച്ചു. തങ്ങളെ രണ്ടുപേരെയും 23 പേരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി അറിയിച്ചെങ്കിലും ഇതുവരെ തങ്ങള്‍ക്ക് ഇരുവര്‍ക്കും ജോലി നല്‍കിയിട്ടില്ലെന്ന് ഭിന്നലംഗക്കാരായ ആതിര, ശാന്തി എന്നിവര്‍ പരാതിപ്പെട്ടു.

എറണാകളും ജില്ലയില്‍ നിന്നുള്ള ഭിന്നലിംഗക്കാര്‍ക്കാണ് മുന്‍ഗണന എന്നു അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ജോലിക്കു കയറിയവര്‍ എല്ലാം മറ്റു ജില്ലക്കാരാണ്. 23 പേര്‍ക്ക് ജോലി നല്‍കുമെന്നായിരുന്നു പ്രഖ്യാപിച്ചത്. എന്നാല്‍ ഇതിനകം കേവലം 12 പേര്‍ക്കാണ് ജോലി നല്‍കിയത്. ഇവരില്‍ ഭൂരിഭാഗവും ഇപ്പോഴും രാത്രി പെണ്‍വേഷവും പകല്‍ ആണ്‍വേഷവും ധരിച്ചു സെക്‌സ് വര്‍ക്കര്‍മാരായി തുടരുകയാണെന്നും ഇരുവരും ആരോപിച്ചു. കൊച്ചിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ പാത്രം കഴുകുന്ന ജോലി ചെയ്തിരുന്ന കാഞ്ഞിരമറ്റം സ്വദേശിയായ ശാന്തി ഈ ജോലി ഉപേക്ഷിച്ചാണ് മെട്രോയില്‍ ജോലിയില്‍ പ്രവേശിക്കാന്‍ തയ്യാറെടുത്തത്.

എന്നാല്‍ ഇപ്പോള്‍ ഉണ്ടായിരുന്ന ജോലിയും നഷ്ടമായി. അതേ കഥ തന്നെയാണ് ആലുവ സ്വദേശിയായ ആരതിയുടേയും. ഭിന്നലിംഗക്കാരെ കുടുംബശ്രീവഴിയാണ് തെരഞ്ഞെടുത്തത്. അവര്‍ക്ക് കളമശ്ശേരിയിലെ രാജഗിരി കോളജിനോടു ചേര്‍ന്ന സ്ഥാപനത്തില്‍ പരിശീലനവും നല്‍കി. മെട്രോയിലെ ജോലിക്ക് വയസും മറ്റു വിദ്യാഭ്യാസ യോഗ്യതകളും ആവശ്യമില്ല എന്നും കുടംബശ്രീ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഇതിനകം 45 വയസു പിന്നിട്ട ഇരുവര്‍ക്കും പ്രത്യാശയും കുടുംബശ്രീ അധികൃതര്‍ നല്‍കി.

പ്രതിമാസം 13,500 രൂപയാണ് നിശ്ചയിച്ചിരുന്നത്. അതില്‍ നിന്നും 3500 രൂപ വീതം പിടിക്കുമെന്നും അറിയിച്ചു. എങ്കിലും ബാക്കി തുക ലഭിക്കുമല്ലോ എന്ന പ്രതീക്ഷയിലായിരുന്നു. മന്ത്രി ഷൈലജയേയും ഇവര്‍ നേരില്‍ കണ്ടിരുന്നു. മെട്രോയുടെ ഭിന്നലിംഗക്കാരുടെ പുനരധിവാസ പരിപാടിയുടെ ഭാഗമായി വീടും മന്ത്രി വാഗ്ദാനം ചെയ്തിരുന്നു.

എന്നാല്‍ ഇപ്പോള്‍ കൊട്ടിഘോഷിച്ച ജോലി പോലും ലഭിച്ചട്ടില്ലെന്നാണ് ഇരുവരുടേയും പരാതി. മുഖ്യമന്ത്രിക്കും ഇതുസംബന്ധിച്ചു പരാതി നല്‍കാനും ഇരുവരും തീരുമാനിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *