കാഠ്മണ്ഡു: പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ ഗുണ നിലവാര പരിശോധനയില്‍ പരാജയപ്പെട്ടത്തോടെ ആറ് ഉല്‍പ്പന്നങ്ങള്‍ തിരിച്ചു വിളിക്കാന്‍ നേപ്പാള്‍ പതഞ്ജലിയോട് ആവശ്യപ്പെട്ടു. നേപ്പാള്‍ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ ഇവ പരാജയപ്പെട്ടു എന്ന് അറിയിച്ചു. ഉത്തരാഖണ്ഡില്‍ ഉല്‍പ്പാദിപ്പിച്ച ആറ് ഉല്‍പ്പന്നങ്ങള്‍ ഗുണനിലവാരം തീരെയില്ലാത്തതാണെന്നാണ് കണ്ടെത്തിയത്. വിവിധ ഷോപ്പുകളില്‍ നിന്ന് സാമ്ബിളുകള്‍ ശേഖരിച്ചായിരുന്നു പരിശോധന. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുപ്പക്കാരനായാണ് രാംദേവ് അറിയപ്പെടുന്നത്.
ഈ മരുന്നുകള്‍ നേപ്പാളിലെ മെഡിക്കല്‍ നിയമങ്ങള്‍ ലംഘിച്ചതായും കണ്ടെത്തി. ഇതിനെ തുടര്‍ന്നാണ് പതഞ്ജലിയുടെ നേപ്പാള്‍ ഘടകത്തോട് ഉത്പന്നങ്ങള്‍ തിരികെ വിളിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടത്. ഇവ ഇനി വില്ക്കാന് പാടില്ലെന്നും ചികിത്സകര്‍ രോഗികള്‍ക്ക് ഇവ ശുപാര്‍ശ ചെയ്യരുതെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.
പതഞ്ജലിയുടെ അമല ചൂര്‍ണം, ദിവ്യഗഷര്‍ ചൂര്‍ണം, ബാഹുചി ചൂര്‍ണം, ത്രിഫല ചൂര്‍ണം, അശ്വഗന്ധ, അദ്വിയ ചൂര്‍ണം എന്നിവയാണ് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പിന്‍വലിക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. ബെംഗളൂരുവില്‍ നിര്‍മിക്കുന്ന ബക്ടോക്ലേവ് എന്ന ഒരു മരുന്നും പരിശോധനയില്‍ ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നേപ്പാളിലെ വിപണിയില്‍നിന്ന് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിപണിയിലുള്ള പതഞ്ജലിയുടേതടക്കം 40 ശതമാനം ആയുര്‍വേദ ഉല്പന്നങ്ങള്ക്കും നിശ്ചിത നിലവാരം ഇല്ലെന്ന് വ്യക്തമാക്കുന്ന വിവരാവകാശ രേഖ അടുത്തിടെ പുറത്തുവന്നിരുന്നു.
