ക്വാറികളുടെ ദൂരപരിധി കുറച്ച നടപടി പരിഹാസ്യം

കോഴിക്കോട്: ക്വാറി നിയമം പരിഷ്‌കരിച്ച ഇടതുസര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ വി.എം സുധീരന്‍. ക്വാറിക്കുള്ള ദൂരപരിധി 50 മീറ്ററായി കുറച്ച നടപടി പരിഹാസ്യമെന്ന് സുധീരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. പരിസ്ഥിതിദിനത്തില്‍ വൃക്ഷത്തൈകള്‍ നടുകയും പരിസ്ഥിതി പ്രാധാന്യത്തെക്കുറിച്ച് വന്‍തുക ചെലവഴിച്ച് പരസ്യങ്ങള്‍ നല്‍കുകയും പരിപാടികള്‍ നടത്തുകയും ചെയ്യുന്ന സര്‍ക്കാര്‍ മറ്റു ദിവസങ്ങളില്‍ പരിസ്ഥിതി നാശത്തിലേക്ക് എത്തിക്കുന്ന കാര്യങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്നത് വിചിത്രമാണെന്ന് സുധീരന്‍ ചൂണ്ടിക്കാട്ടി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ക്വാറി നിയമം പരിഷ്‌കരിച്ചു കൊണ്ടുള്ള സംസ്ഥാന സര്‍ക്കാറിന്റെ നടപടി വീണ്ടു വിചാരമില്ലാത്തതാണ്. പുതിയ നടപടിക്രമമനുസരിച്ച് റോഡ്, തോട്, നദികള്‍, വീടുകള്‍ തുടങ്ങിയവയില്‍ നിന്നും ദൂരപരിധി 50 മീറ്ററായി കുറച്ചിരിക്കുന്നു. നിലവിലുണ്ടായിരുന്നത് 100 മീറ്റര്‍ ദൂരപരിധിയാണ്. അനുമതിയുടെ കാലാവധി മൂന്ന് വര്‍ഷമായിരുന്നത് 5 വര്‍ഷമായി ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു എന്നാണ് മാധ്യമ റിപ്പോര്‍ട്ട്.

പാരിസ്ഥിതിക ദുരന്തത്തിന്റെ നടുവില്‍ നില്‍ക്കുന്ന കേരളത്തെ കൂടുതല്‍ പാരിസ്ഥിതികസാമൂഹിക പ്രത്യാഘാതങ്ങളിലേക്ക് എത്തിക്കുന്ന നടപടിയാണിത്. യാതൊരു നിയമങ്ങളും ചട്ടങ്ങളും പാലിക്കാതെ തന്നെ അനധികൃത ക്വാറികള്‍ വ്യാപകമായി പ്രവര്‍ത്തിക്കുന്നു എന്ന ആക്ഷേപം ശക്തമായി നിലനില്‍ക്കുമ്‌ബോഴാണ് പുതിയ തീരുമാനം.

കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഉള്‍പ്പടെ പല വിദഗ്ധ സമിതികളും ഉയര്‍ത്തുന്ന ആശങ്കകളും മുന്നറിയിപ്പുകളും പാടെ അവഗണിച്ചു കൊണ്ടാണ് സര്‍ക്കാറിന്റെ ഈ നടപടി. പരിസ്ഥിതിദിനത്തില്‍ വൃക്ഷത്തൈകള്‍ നടുകയും പരിസ്ഥിതിദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വന്‍തുക ചെലവഴിച്ച് പരസ്യങ്ങള്‍ നല്‍കുകയും പരിപാടികള്‍ നടത്തുകയും ചെയ്യുന്ന സര്‍ക്കാര്‍ മറ്റു ദിവസങ്ങളില്‍ പരിസ്ഥിതി നാശത്തിലേക്ക് എത്തിക്കുന്ന കാര്യങ്ങള്‍ ഒന്നൊന്നായി ചെയ്തു കൊണ്ടിരിക്കുന്നത് വിചിത്രമാണ്; പരിഹാസ്യവുമാണ്. അനുഭവങ്ങളില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളാതെ ആപല്‍ക്കരമായ പരിസ്ഥിതി നാശത്തിലേക്കാണ് ഈ പോക്ക്.

Leave a Reply

Your email address will not be published. Required fields are marked *