കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട നടന്‍ ദിലീപ്, സംവിധായകന്‍ നാദിര്‍ഷ എന്നിവരെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് പുതിയ ചോദ്യാവലി തയ്യാറാക്കുന്നു. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ഫോണ്‍ സംഭാഷണങ്ങളെ അടിസ്ഥാനമാക്കിയാണ് പുതിയ ചോദ്യാവലി തയ്യാറാക്കുന്നത്. പള്‍സര്‍ സുനി ജയിലില്‍ നിന്ന് ആരെയെല്ലാം വിളിച്ചു, എന്തെല്ലാം കാര്യങ്ങള്‍ സംസാരിച്ചു തുടങ്ങിയതടക്കമുള്ള ചോദ്യങ്ങളാണ് പൊലീസ് തയ്യാറാക്കുന്നത്. ദിലീപിനേയും നാദിര്‍ഷയേയും വീണ്ടും ചോദ്യം ചെയ്യാന്‍ ഇന്നലെ ചേര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചിരുന്നു.
ആലുവ പൊലീസ് ക്ലബില്‍ നാല് മണിക്കൂറോളം നീണ്ട യോഗത്തില്‍ പ്രതികളെ അറസ്റ്റു ചെയ്യാന്‍ ധാരണയായിട്ടുണ്ട്. എന്നാല്‍, തെളിവുകള്‍ എല്ലാം ശേഖരിച്ച ശേഷം മതി അറസ്റ്റെന്ന നിലപാടാണ് പൊലീസിന് . കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഒന്നും വെളിപ്പെടുത്താനാവില്ലെന്ന് എറണാകുളം റൂറല്‍ എസ്.പി എ.വി ജോര്‍ജ് പറഞ്ഞു.
അന്വേഷണ ഉദ്യോഗസ്ഥനായ ഐ.ജി. ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തിലായിരുന്നു യോഗം. ഡി.ജി.പിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ഐ.ജി. ആലുവയിലെത്തിയത്. ആലുവ എസ്.പി. എ.വി. ജോര്‍ജ്, സി.ഐ. ബൈജു പൗലോസ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു. പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഉള്‍പ്പെടെയുള്ള സംഘം പൊലീസിന് ലഭിച്ച ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പരിശോധിച്ചിരുന്നു. രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഐ.ജി. ദിനേന്ദ്ര കശ്യപ് പൊലീസ് ആസ്ഥാനത്ത് എത്തിച്ചത്.
