മലപ്പുറം : ഉത്പാദകര്‍ ചരക്ക്‌സേവന നികുതിപ്രകാരം ഉത്പന്നങ്ങളുടെ വില നിശ്ചയിക്കാന്‍ വൈകുന്നത് വിപണിയെ ബാധിക്കുന്നു. വിവിധ ബ്രാന്‍ഡുകളിലുള്ള അരിയും പലവ്യഞ്ജനവുമടക്കമുള്ള നിത്യോപയോഗ സാധനങ്ങള്‍ക്കും വിപണിയില്‍ ക്ഷാമം അനുഭവപ്പെടുന്നുണ്ട്.
ജി.എസ്.ടി. നിലവില്‍വന്നശേഷം പാല്‍പ്പൊടി, ടൂത്ത് പേസ്റ്റ്, സോപ്പ്, ചോക്ലേറ്റ്, ആട്ട, കൊതുകുനശീകരണ ഉപകരണങ്ങള്‍, ബള്‍ബ് തുടങ്ങിയവയുടെ വില്‍പ്പന കമ്ബനികള്‍ തുടങ്ങിയിട്ടില്ല. പുതിയവില ഇടുന്നതിലെ കാലതാമസമാണ് ഇതിന് കാരണമെന്ന് പറയുന്നു.
ജൂണ്‍ 20ഓടെതന്നെ ഭൂരിഭാഗം കമ്ബനികളും വില്‍പ്പന നിര്‍ത്തിയിരുന്നു. മൊത്തവിതരണക്കാര്‍ 25 കഴിഞ്ഞശേഷം സാധനങ്ങള്‍ ശേഖരിച്ചിട്ടില്ല. അന്നുവരെയുണ്ടായിരുന്ന സാധനങ്ങളാണ് ഇപ്പോള്‍ വിപണിയിലുള്ളത്. അതിനാലാണ് ക്ഷാമം ഉപഭോക്താക്കളെ നേരിട്ട് ബാധിക്കാതെയിരുന്നത്. കടകളില്‍ സ്റ്റോക്ക് തീര്‍ന്നുതുടങ്ങിയതായി വ്യാപാരികള്‍ പറയുന്നു.
ജി.എസ്.ടി. നിലവില്‍വരുന്നതിന് മുമ്ബുള്ള സ്റ്റോക്ക് വിറ്റുതീര്‍ക്കുന്നത് സംബന്ധിച്ചുള്ള സംശയങ്ങള്‍ തീര്‍ക്കാനും മാര്‍ഗമില്ലെന്നും നേരത്തെ നികുതിയടച്ച് വാങ്ങിയ സാധനങ്ങള്‍ക്ക് ഇനിയും നികുതി നല്‍കേണ്ടിവരുന്നത് പ്രായോഗികമല്ലെന്നും വ്യാപാരികള്‍ കൂട്ടിച്ചേര്‍ത്തു.
