സീനിയര്‍ ഫുട്ബാള്‍: വയനാടിനെ തൃശൂര്‍ തകര്‍ത്തു

മലപ്പുറം: ഏക പക്ഷീയമായ മൂന്നു ഗോള്‍ തോല്‍വിയോടെ അന്തര്‍ജില്ലാ സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വയനാടിനു മടക്കം. കോട്ടപ്പടി സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന ആദ്യമത്സരത്തില്‍ തൃശൂരിനോടായിരുന്നു വയനാട് തകര്‍ന്നത്. ആദ്യപകുതിയില്‍ രണ്ടും രണ്ടാം പകുതിയില്‍ ഒരു ഗോളുമാണ് തൃശൂര്‍ നേടിയത്. മത്സരത്തിന്റെ മുപ്പതാം മിനിറ്റില്‍  വയനാടിന്റെ ഗോള്‍ മുഖത്തു അവരുടെ പ്രതിരോധനിരയ്ക്കുണ്ടായ ആശയക്കുഴപ്പമാണ് ഗോളില്‍ കലാശിച്ചത്. തൃശൂരിന്റെ സ്‌ട്രൈക്കര്‍ ഉബൈദ് പന്തുമായി ബോക്‌സിലേക്കു കടക്കാനുള്ള ശ്രമത്തില്‍ വയനാട് പ്രതിരോധനിരയിലെ ഹരിദാസനും മുനീറിനും അനീസിനും പന്തു നേരിടുതില്‍ ഒരു നിമിഷം ആലോചന നേരിടുകയായിരുന്നു. അവസരം മുതലാക്കിയ ഉബൈദ് വയനാട് ഗോളി ടി.എം നുസൈനെ കീഴ്‌പ്പെടുത്തി. പന്ത് വലയിലേക്കു പായിച്ചു (1-0). നാലുമിനിറ്റിനുള്ളില്‍ തൃശൂര്‍ ലീഡുയര്‍ത്തി.  വയനാട് ബോക്‌സിന്റെ വലതുഭാഗത്തു നിു ഉബൈദ് നട്ടി നല്‍കിയ പന്ത് ഇടങ്കാലന്‍ ഷോട്ടിലൂടെ വിനുജോസഫ് പന്ത് പോസ്റ്റിലേക്കു തിരിച്ചുവിട്ടു. (2-0). രണ്ടു ഗോള്‍ വീണ്ടും വയനാട് ഉണര്‍ന്നില്ല. അവരുടെ മുന്‍നിര പാടെ നിരാശപ്പെടുത്തിയതാണ് വന്‍തോല്‍വി ഏറ്റുവാങ്ങിയത്. സ്‌ട്രൈക്കര്‍ ഷാനവാസിനു ഒരിക്കല്‍ പോലും തൃശൂര്‍ പ്രതിരോധത്തെ മറികടക്കാനാകാത്തതാണ് തിരിച്ചടിയായത്. അറുപത്തിയേഴാം മിനിറ്റിലായിരുന്നു തൃശൂരിന്റെ മൂന്നാംഗോള്‍. കോര്‍ണര്‍ഭാഗത്തു നിന്നു ഷാബിന്‍ ഉയര്‍ത്തി നല്‍കിയ പന്ത് പകരക്കാരനായി ഇറങ്ങിയ  മുഹമ്മദ് റഫീക്ക് വയനാടിന്റെ ഗോള്‍കീപ്പര്‍ നുസൈനെ ഒരു അവസരവും നല്‍കാതെ പോസ്റ്റിലേക്ക് പായിച്ചു (3-0). ബുധനാഴ്ച  വൈകുന്നേരം നാലരക്കു നടക്കുന്ന ആദ്യകളിയില്‍  കണ്ണൂര്‍ കൊല്ലത്തെയും 6.45നു നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ കാസറഗോഡ് ആലപ്പുഴയുമായും ഏറ്റുമുട്ടും.

Leave a Reply

Your email address will not be published. Required fields are marked *