ബിജെപി മെഡിക്കല്‍ കോളജ് കോഴ: സിബിഐ അന്വേഷണം വേണമെന്ന് ചെന്നിത്തല

തൃശൂര്‍: വര്‍ക്കലയില്‍ മെഡിക്കല്‍ കോളജ് അനുവദിക്കാന്‍ ബിജെപി സംസ്ഥാന നേതാക്കള്‍ കോഴ വാങ്ങിയെന്ന കണ്ടെത്തിലിനെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തൃശൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന നേതാക്കള്‍ കോഴ വാങ്ങിയെന്ന ആരോപണം ഗൗരവമുള്ളതാണ്. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് താന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കും. കേന്ദ്ര ഭരണത്തിന്റെ തണലില്‍ സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ വന്‍ കൊള്ളയാണ് നടത്തുന്നത്. കൊടുങ്ങല്ലൂരില്‍ ബിജെപിയുടെ പ്രാദേശിക നേതാവ് വീട്ടില്‍ കള്ളനോട്ടടിക്കുന്നുവെന്ന് പോലീസ് കണ്ടെത്തിയപ്പോള്‍ തന്നെ ഇക്കാര്യം വ്യക്തമായിരുന്നു. അതിന്റെ തുടര്‍ച്ചയാണ് മെഡിക്കല്‍ കോളജിന് കോഴ വാങ്ങിയതും ഹവാല പണമിടപാടും. കേന്ദ്ര നേതൃത്വത്തിന്റെ അറിവോടെയാണ് ഇത്തരം കോഴ നടക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സംസ്ഥാന വ്യാപകമായി ബിജെപി നേതാക്കളുടെ നേതൃത്വത്തില്‍ കള്ളനോട്ടിറക്കിയിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മെഡിക്കല്‍ കോളജ് കോഴ സംബന്ധിച്ച് 2016ല്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് വിവരം ലഭിച്ചതാണ്. അദ്ദേഹം ഇത്രകാലം ഇത് മറച്ചുവയ്ക്കുകയായിരുന്നു. സ്വതന്ത്ര ഏജന്‍സി അന്വേഷിക്കേണ്ട തരത്തില്‍ ഗൗരവുള്ള കേസാണിതെന്നും അതിനാലാണ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നികുതി വെട്ടിപ്പ് നടത്തിയ താരസംഘടനയായ അമ്മയ്‌ക്കെതിരേ ശക്തമായ നടപടി വേണം. അമ്മ പിരിച്ചുവിടണമെന്ന് താന്‍ മുന്‍പേ തന്നെ ആവശ്യപ്പെട്ടതാണ്. കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയെ സംരക്ഷിക്കാന്‍ തയാറാകാതെ വന്നപ്പോള്‍ തന്നെ അമ്മ എന്ന സംഘടനയുടെ പ്രസക്തി നഷ്ടപ്പെട്ടിരുന്നു. സിനിമയിലെ ഹവാല പണമിടപാടുകളെക്കുറിച്ച് ശക്തമായ അന്വേഷണം വേണം. സിനിമയിലെ എല്ലാവരും മോശക്കാരാണെന്ന അഭിപ്രായം കോണ്‍ഗ്രസിനില്ലെന്നും ദേശവിരുദ്ധ നടപടികള്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *