തിരുവനന്തപുരം: മെഡിക്കല്‍ കോഴ വിവാദവുമായി ബന്ധപ്പെട്ട് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ബി.ജെ.പി കോര്‍ കമ്മിറ്റിയില്‍ അതിരൂക്ഷ വിമര്‍ശനം. അഴിമതി വിവാദത്തില്‍ അന്വേഷണ കമീഷനെ വെച്ചതുപോലും അറിഞ്ഞില്ലെന്ന് കോര്‍ കമ്മിറ്റി അംഗങ്ങള്‍ കുറ്റപ്പെടുത്തി. ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും അംഗങ്ങള്‍ പറഞ്ഞു. കമീഷനെ വെച്ചത് അതീവ രഹസ്യമായിട്ടാണെന്നും അതിനാലാണ് അംഗങ്ങളെ അറിയിക്കാതിരുന്നതെന്നും കുമ്മനം യോഗത്തെ അറിയിച്ചു.
തനിക്കെതിരെ ഉന്നത തല ഗൂഢാലോചന നടന്നുവെന്ന് ആരോപണ വിധേയനായ എം.ടി രമേശ് പറഞ്ഞു. തന്നെ തേജോവധം ചെയ്യാനായി നടന്ന ശ്രമത്തില്‍ പക്ഷെ പാര്‍ട്ടി ഒന്നാകെ നാണം കെടുകയായിരുന്നുവെന്നും രമേശ് വികാരാധീനനായി പറഞ്ഞു. ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് അദ്ദേഹത്തിന്റെ ആവശ്യത്തോട് ഭൂരിഭാഗം അംഗങ്ങളും യോജിച്ചു.
കോഴ വിഷയത്തിലും റിപ്പോര്‍ട്ട് ചോര്‍ന്നതിലും കര്‍ശന നടപടിയുണ്ടാകുമെന്ന് കേരളത്തിന്റെ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷ് അറിയിച്ചു.
അതേസമയം, ബി.ജെ.പിക്ക് ദേശീയതലത്തില്‍ തന്നെ നാണക്കേട് സൃഷ്ടിച്ച മെഡിക്കല്‍ കോളജ് അഴിമതിയില്‍ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ അതൃപ്തി രേഖപ്പെടുത്തി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ ഫോണില്‍ വിളിച്ചാണ് ഷാ അതൃപ്തി രേഖപ്പെടുത്തിയത്. അഴിമതി സംബന്ധിച്ച അന്വഷണ റിപ്പോര്‍ട്ട് ചോര്‍ന്നത് ദേശീയ നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുകയാണ്. സംസ്ഥാന ഘടകത്തിലെ കടുത്ത വിഭാഗീയതയാണ് റിപ്പോര്‍ട്ട് ചോര്‍ച്ചക്ക് പിന്നിലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍!.
റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ അന്വേഷണക്കമ്മീഷനിലെ അംഗമായ എ.കെ നസീറിനെയാണ് സംശയിക്കുന്നത്. ഇദ്ദേഹത്തിന്റെ മെയിലില്‍ നിന്ന് റിപ്പോര്‍ട്ട് ഒരു ഹോട്ടലിന്റെ മെയിലിലേക്ക് പോയതായാണ് വിവരം. ഇതിന്റെ പേരില്‍ നസീറിനെതിരെ നടപടി ഉണ്ടാകുമെന്ന് ഉറപ്പായിട്ടുണ്ട്. റിപ്പോര്‍ട്ട് ചോര്‍ന്നതിന് പിന്നില്‍ കൂടുതല്‍ പേരുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
