ചെന്നൈ: തമിഴ് സൂപ്പര്‍ താരം രജനീകാന്തിനെ കാണാന്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള ബി.ജെ.പി പാര്‍ലമെന്ററി അംഗം പൂനം മഹാജന്‍ എത്തിയത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കി. രാഷ്ട്രീയ പ്രവേശനം ഉടനുണ്ടാകുമെന്ന് സൂചന നല്‍കിയ താരത്തിനെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്യാനാണ് എം.പി എത്തിയതെന്നാണ് വിവരം. എന്നാല്‍ പോയസ് ഗാര്‍ഡനിലുള്ള രജനീകാന്തിന്റെ വീട്ടിലെത്തിയത് സൗഹൃദ സന്ദര്‍ശനത്തിന്റെ ഭാഗമാണെന്ന് പൂനം പ്രതികരിച്ചു.
ഞായറാഴ്ച നടത്തിയ സന്ദര്‍ശനത്തിന്റെ വിശേഷങ്ങള്‍ താരത്തിനൊപ്പം നില്‍ക്കുന്ന ചിത്രത്തോടൊപ്പം പൂനം തന്നെയാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ‘രജനീകാന്തിനെ കണ്ടത് നല്ല അനുഭവമായിരുന്നു. അദ്ദേഹത്തിന് എന്റെ പിതാവ് പ്രമോദ് മഹാജനെ നേരിട്ട് അറിയാം. എന്നെ എക്കാലത്തും രജനി പിന്തുണച്ചിട്ടുണ്ട്. രജനീകാന്തിന്റെ സ്ഥാനം തമിഴ്‌നാട്ടുകാരുടെ ഹൃദയങ്ങളിലാണെന്നും’ പൂനം മഹാജന്‍ ട്വിറ്ററില്‍ കുറിച്ചു.
എന്നാല്‍ പൂനത്തിന്റെ ട്വീറ്റിന് പിന്നാലെ രജനിയുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച അഭ്യൂഹങ്ങള്‍ പരക്കാന്‍ തുടങ്ങി. രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന സൂചനകള്‍ നല്‍കിയ രജനിയെ ഒപ്പം കൂട്ടാനായാല്‍ വന്‍നേട്ടമാകുമെന്നാണ് ബി.ജെ.പി കരുതുന്നത്. ഇതിന് വേണ്ടി പാര്‍ട്ടി നേതാക്കള്‍ ചര്‍ച്ചകള്‍ നടത്തിയെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇതിനെയെല്ലാം തള്ളിയ പൂനം താന്‍ രജനിയുടെ ഭാര്യയുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന വിദ്യാഭ്യാസ പദ്ധതിയെക്കുറിച്ച് സംസാരിക്കാനാണ് ഇവിടെയെത്തിയതെന്നാണ് വിശദീകരിച്ചിരിക്കുന്നത്.
