തിരുവനന്തപുരം: ബൈക്കപടത്തില്‍ പെട്ട് ആശുപ്ത്രികള്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് മരണമടഞ്ഞ തിരുനെല്‍വേലി സ്വദേശി മുരുകന്റെ കുടുംബത്തോട് മുഖ്യമന്ത്രി പിണറായി വിജയന്‍ മാപ്പ് ചോദിച്ചു. സംസ്ഥാനത്ത് വേണ്ടി മുരുകന്റെ കുടുംബത്തോട് മാപ്പ് ചോദിക്കുന്നുവെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. ചികിത്സക്ക് വേണ്ടി ആശുപത്രികളുടെ പടി വാതില്‍ക്കല്‍ കാത്ത് നില്‍ക്കേണ്ടി വരുന്ന അവസ്ഥ ദയനീയമാണ്. അഞ്ച് ആശുപത്രികളില്‍ നിന്ന് ചികിത്സ ലഭിക്കാത്തത് അതിക്രൂരമായ സംഭവമാണ്. നാടിനാകെ അപമാനമുണ്ടാക്കിയ സംഭവമാണിത്. ഇങ്ങനെയൊരു ദുരന്തം ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിഷയത്തില്‍ പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. ഇതിന് പുറമെ ആരോഗ്യവകുപ്പും ഇതേക്കുറിച്ച് അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ സഭയെ അറിയിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ വെന്റിലേറ്ററുകള്‍ ഒഴിവില്ലായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
പകര്‍ച്ചപ്പനി, പനിമരണം എന്നീ വിഷയങ്ങളില്‍ കൃത്യമായ ഉത്തരം നല്‍കാതെ ആരോഗ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് വിഷയത്തില്‍ അടിയന്തിര പ്രമേയത്തിന് അനുമതി തേടിക്കൊണ്ട് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി. പനിമരണങ്ങള്‍ ഏറിവരികയാണെന്നും ഈ സാഹചര്യത്തില്‍ ആരോഗ്യമന്ത്രി രാജിവെക്കണമെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു. പനി മാറുന്നതുവരെയെങ്കിലും മുഖ്യമന്ത്രി വകുപ്പ് ഏറ്റെടുക്കണമെന്നായിരുന്നു തിരുവഞ്ചൂരിന്റെ ആവശ്യം.
അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
