സ്വാശ്രയ മെഡിക്കല്‍ പ്രവേശന ഉത്തരവിന് പിന്നില്‍ ഗൂഢാലോചന

തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷത്തെ ഫീസ് ഘടനയില്‍ സര്‍ക്കാരുമായി കരാര്‍ ഒപ്പിട്ട സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ അവസാന നിമിഷം കുട്ടികളുടെ മേല്‍ കഴുത്തറുപ്പന്‍ ഫീസ് അടിച്ചേല്‍പിച്ചതിന് പിന്നില്‍ സര്‍ക്കാരും മാനേജ്‌മെന്റുകളും തമ്മിലുള്ള ഗൂഢാലോചനയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഈ മെഡിക്കല്‍ കോളേജുകളിലെ 85% സീറ്റുകളില്‍ കോടതി നിര്‍ദ്ദേശിച്ച അഞ്ചു ലക്ഷം രൂപ ഫീസിന് പുറമെ 11 ലക്ഷത്തിന്റെ പലിശ രഹിത ഡെപ്പോസിറ്റും അരക്കോടിയുടെ ബാങ്ക് ഗ്യാരണ്ടിയും വേണമെന്ന പ്രവേശന കമ്മീഷണറുടെ ഉത്തരവ് വിചിത്രമാണ്. കുട്ടികളുടെയും രക്ഷിതാക്കളുടെയും കഴുത്തിന് കുത്തിപ്പിടിച്ച് പണം പിടുങ്ങാന്‍ മാനേജ്‌മെന്റുകള്‍ക്ക് സര്‍ക്കാര്‍ ഒത്താശ ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബാങ്ക് ഗ്യാരണ്ടിയും ഡെപ്പോസിറ്റും ഫീസും ഒന്നിച്ച് സ്വരൂപിക്കാനാവാതെ കുട്ടികള്‍ പിന്മാറുമ്‌ബോള്‍ ആ സീറ്റുകള്‍ മാനേജ്‌മെന്റുകള്‍ക്ക് കൈക്കലാക്കാനും ലേലം വിളിച്ച് വില്‍ക്കാനും കഴിയും. രാജേന്ദ്ര ബാബു കമ്മിറ്റി ഏകീകൃത ഫീസ് നിശ്ചയിച്ചതിന് ശേഷം സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷത്തെ ഫീസ് ഘടനയിന്മേല്‍ ചില മാനേജ്‌മെന്റുകളുമായി ചര്‍ച്ച നടത്തിയത് തന്നെ ഇത്തരമൊരു കൊള്ളയ്ക്ക് വഴിയൊരുക്കാനായിരുന്നു.

ഏകീകൃത ഫീസ് അംഗീകരിച്ച കോളേജുകളിലും ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുകയാണ്. അവിടെ 85% സീറ്റിലും അഞ്ച് ലക്ഷം രൂപയെന്ന ഏകീകൃത ഫീസാണെങ്കിലും അതിലും സര്‍ക്കാര്‍ സീറ്റെന്നും മാനേജ്‌മെന്റ് സീറ്റെന്നും വേര്‍തിരിവ് നിലനിര്‍ത്തിയിരിക്കുകയാണ്. അതില്‍ ഏതില്‍ ഓപ്ഷന്‍ കൊടുക്കണമെന്ന ആശയക്കുഴപ്പം നിലനില്‍ക്കുകയാണെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *