നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസില്‍ നിന്നും കവര്‍ച്ച: വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു

തളിപ്പറമ്പ്: നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസില്‍ നിന്നും കവര്‍ച്ച നടത്തിയ രണ്ട് വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. അന്‍പതിനായിരം രൂപയുടെ സാധനങ്ങളാണ് വിദ്യാര്‍ത്ഥികള്‍ കവര്‍ച്ച ചെയ്തത്. കഴിഞ്ഞ ഏഴിനാണ് സംഭവം. ബക്കളം ജംഗ്ഷനില്‍ നിര്‍ത്തിയിട്ട മേഘ്ദൂത് ബസില്‍ നിന്ന് രണ്ടംഗ സംഘം മ്യൂസിക് സിസ്റ്റവും ലൈറ്റുകളും ഉള്‍പ്പെടെ അരലക്ഷംരൂപയുടെ സാധനങ്ങള്‍ കവര്‍ച്ച ചെയ്യുകയായിരുന്നു. മേഘ്ദൂത് ട്രാവല്‍സ് മാനേജര്‍ പി.രജീന്ദ്രന്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് അന്വേഷണം നടത്തിയത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തൊട്ടടുത്ത ബേക്കറിയിലെ സിസിടിവിയില്‍ പതിഞ്ഞ കാമറ ദൃശ്യത്തില്‍ നിന്നാണ് മോഷ്ടാക്കളെ കണ്ടെത്തിയത്. കുറ്റിക്കോല്‍ പഴയ ടോള്‍ബൂത്തിന് സമീപമുള്ള ഐടിഐ വിദ്യാര്‍ത്ഥിയും പ്ലസ്ടു വിദ്യാര്‍ത്ഥിയുമാണ് ഇന്നലെ അറസ്റ്റിലായത്. ഓരോന്നിനും 9000 രൂപയോളം വിലവരുന്ന രണ്ട് ആംബ്ലിഫയര്‍, മ്യൂസിക് സിസ്റ്റം, അലങ്കാര ലൈറ്റുകള്‍ എന്നിവയൊക്കെ ഇരുവരും ഇളക്കിയെടുത്ത് കൊണ്ടുപോയിരുന്നു.

പ്രതികളെ ഇന്ന് തലശേരി ജുവൈനല്‍ കോടതിയില്‍ ഹാജരാക്കും. ആറോളം വാഹനങ്ങളില്‍ കഴിഞ്ഞ ഒരു മാസത്തിനിടയില്‍ സംഘം കവര്‍ച്ച നടത്തിയിട്ടുണ്ട്.

മോഷണമുതലുകള്‍ വീട്ടില്‍ സൂക്ഷിച്ച് ഓണ്‍ലൈന്‍ പോര്‍ട്ടലായ ഒഎല്‍എക്‌സ് വഴി പരസ്യം ചെയ്ത് വില്‍പന നടത്തുകയായിരുന്നു ഇവരുടെ രീതി. മോഷണ മുതലുകള്‍ ഓണ്‍ലൈന്‍ വഴി വില്‍പന നടത്തിയ സംഭവം ആദ്യമാണെന്നും പോലീസ് പറഞ്ഞു. മോഷണമുതലുകള്‍ വിറ്റ് മൊബൈല്‍ ഫോണുകള്‍ വാങ്ങുകയും വലിയ ഹോട്ടലുകളില്‍ കയറി വിലയേറിയ ഭക്ഷണം കഴിക്കുകയും ചെയ്യുകയാണ് പ്രതികള്‍ ചെയ്യുന്നതെന്നും പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *