ചെന്നൈ: എഐഎഡിഎംകെയിലെ പനീര്‍ശെല്‍വം പളനിസ്വാമി പക്ഷങ്ങള്‍ തമ്മിലുള്ള ലയനനീക്കങ്ങള്‍ അവസാന നിമിഷം പാളിയത് മുഖ്യമന്ത്രിപദം സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്നെന്ന് സൂചന. ഒ പനീര്‍ശെല്‍വത്തിന് മുഖ്യമന്ത്രിസ്ഥാനം നല്‍കണമെന്ന ആവശ്യത്തില്‍ അദ്ദേഹത്തെ അനുകൂലിക്കുന്ന നേതാക്കള്‍ ഉറച്ചുനിന്നു. അദ്ദേഹത്തിന് ഉപമുഖ്യമന്ത്രിപദം നല്‍കാമെന്ന വാഗ്ദാനം അനുയായികള്‍ തള്ളി.
മൂന്ന് തവണ മുഖ്യമന്ത്രി സ്ഥാനത്തിരുന്ന പനീര്‍ശെല്‍വം ഉപമുഖ്യമന്ത്രിയാകുന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാടില്‍ നേതാക്കള്‍ ഉറച്ചുനിന്നു. ലയന പ്രഖ്യാപനം കാത്ത് എം.എല്‍.എമാര്‍ അടക്കമുള്ളവര്‍ ജയലളിത സ്മാരകത്തില്‍ കാത്തുനില്‍ക്കുന്നതിനിടെ ആയിരുന്നു മുഖ്യമന്ത്രിപദം സംബന്ധിച്ച തര്‍ക്കം. ഇതുസംബന്ധിച്ച ഉറപ്പൊന്നും നല്‍കാന്‍ പളനിസ്വാമി പക്ഷം തയ്യാറാകാതിരുന്നതോടെ രാത്രി ഒമ്ബതോടെ എം.എല്‍.എമാര്‍ പിരിഞ്ഞു. ഒ പനീര്‍ശെല്‍വത്തിന്റെ വസതിയില്‍നിന്ന് ഇറങ്ങിവന്ന മുന്‍മന്ത്രി സി പൊന്നയ്യന്‍ പ്രഖ്യാപനങ്ങളൊന്നും ഇന്ന് ഉണ്ടാകില്ലെന്ന സൂചന നല്‍കി.
ഉപമുഖ്യമന്ത്രിപദവും മറ്റുചില മന്ത്രിസ്ഥാനങ്ങളും നല്‍കാമെന്നാണ് ചര്‍ച്ചയില്‍ വാഗ്ദാനം ചെയ്യപ്പെട്ടതെന്ന് പനീര്‍ശെല്‍വം പക്ഷത്തെ നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. ആഭ്യന്തരം, ധനകാര്യം എന്നീ വകുപ്പുകളാണ് ഒ.പി.എസ് പക്ഷക്കാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ആഭ്യന്തരം അടക്കമുള്ള സുപ്രധാന വകുപ്പുകള്‍ വിട്ടുനല്‍കാന്‍ പളനിസ്വാമി പക്ഷം തയ്യാറായില്ല. പനീര്‍ശെല്‍വത്തിന് പി.ഡബ്ല്യൂ.ഡി മന്ത്രിസ്ഥാനം നല്‍കാമെന്ന് അവര്‍ വാഗ്ദാനം ചെയ്തു. എന്നാല്‍ ഈ വാഗ്ദാനം തള്ളിക്കളഞ്ഞ ഒ.പി.എസ് പക്ഷ നേതാക്കള്‍ മുഖ്യമന്ത്രിപദംതന്നെ പനീര്‍ശെല്‍വത്തിന് നല്‍കണമെന്ന ആവശ്യത്തില്‍ ഉറച്ചുനിന്നു.
ശനിയാഴ്ച നടന്ന ചര്‍ച്ചയില്‍ ധാരണയിലെത്താന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ ഒ.പി.എസ് പക്ഷ നേതാക്കളായ പാണ്ഡിരാജന്‍, എസ് സെമ്മലൈ എന്നിവര്‍ എടപ്പാടി പളനിസ്വാമി മന്ത്രിസഭയില്‍ ഇടം കണ്ടെത്തുമായിരുന്നുവെന്നാണ് സൂചന. നിലവിലെ മന്ത്രിമാരില്‍ ചിലരെ ഒഴിവാക്കി മന്ത്രിസഭാ വികസനം നടത്തുമായിരുന്നുവെന്നും സൂചനയുണ്ടായിരുന്നു. പനീര്‍ശെല്‍വം പളനിസ്വാമി പക്ഷങ്ങള്‍ തമ്മിലുള്ള ഭിന്നതകള്‍ പരിഹരിക്കാന്‍ ബി.ജെ.പി നടത്തിയ ശ്രമങ്ങള്‍ക്ക് പിന്നാലെ ചൂടുപിടിച്ച ലയന നീക്കങ്ങളാണ് മുഖ്യമന്ത്രിപദം സംബന്ധിച്ച തര്‍ക്കത്തെത്തുടര്‍ന്ന് അവസാന നിമിഷം പാളിയത്.
മറീന ബീച്ചിലെ ജയലളിത സമാധിയില്‍വച്ച് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും വിമതപക്ഷം നേതാവ് ഒ പനീര്‍ശെല്‍വവും വെള്ളിയാഴ്ച രാത്രിയോടെ ലയനം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ലയന പ്രഖ്യാപനം നടക്കുമെന്ന് ഏതാണ്ട് ഉറപ്പായിരുന്നതിനാല്‍ ജയലളിത സമാധി പുഷ്പങ്ങള്‍കൊണ്ട് അലങ്കരിച്ചിരുന്നു. എന്നാല്‍ ഇരുപക്ഷത്തെയും നേതാക്കള്‍ എത്താന്‍ വൈകിയതോടെ പ്രവര്‍ത്തകര്‍ നിരാശരായി മടങ്ങി.
