തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ വാര്‍ഷിക ഫീസ് 11 ലക്ഷം രൂപയായി ഉയര്‍ത്തിയ സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രതിസന്ധി ഒഴിയുന്നതായി സൂചന. ബാങ്ക് ഗാരന്റി സംബന്ധിച്ച് ബാങ്കുകളുടെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ സമവായ ഫോര്‍മുല ആയതായി നിയുക്ത ചീഫ് സെക്രട്ടറി കെ.എം.എബ്രഹാം അറിയിച്ചു. ചില കാര്യങ്ങളില്‍ കൂടി വ്യക്തത വരുത്താനുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തിയ ശേഷം അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. 11 ലക്ഷം രൂപ ഫീസില്‍ അഞ്ച് ലക്ഷം പണമായും ആറ് ലക്ഷത്തിന്റെ ബാങ്ക് ഗാരന്റി 15ദിവസത്തിനകവും നല്‍കണമെന്നാണ് സുപ്രീംകോടതി ഉത്തരവ്.
പ്രശ്‌നം പരിഹരിക്കുന്നതിനായി മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നേരിട്ട് ഇടപെട്ടിരുന്നു. സര്‍ക്കാരിന്റെ ഉറപ്പില്‍, വസ്തുവകകളുടെ ഈടില്ലാതെ കുട്ടികള്‍ക്ക് ബാങ്ക് ഗാരന്റി നല്‍കാനാണ് ഇപ്പോഴത്തെ ധാരണയെന്ന് അറിയുന്നു. സര്‍ക്കാരിന്റെ ഈ നിര്‍ദ്ദേശത്തോട് എല്ലാ ബാങ്ക് മേധാവികളും അനുകൂലമായാണ് പ്രതികരിച്ചത്. ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റി ഫീസ് നിര്‍ണയിക്കുന്നത് വരെ ആയിരിക്കും ബാങ്ക് ഗാരന്റിയിലെ ധാരണ. കൂടിയ ഫീസ് അടയ്ക്കാനില്ലാത്തവര്‍ക്ക് വേഗത്തില്‍ വായ്പ ലഭ്യമാക്കാനും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
