ഭിന്നലിംഗക്കാര്‍ക്ക് തുല്യ പരിഗണന നല്‍കണം: പത്തനംതിട്ട ജില്ലാ ജഡ്ജി

പത്തനംതിട്ട: ഭിന്നലിംഗക്കാര്‍ക്ക് എല്ലാ മേഖലകളിലും തുല്യ പരിഗണന നിയമം ഉറപ്പുനല്‍കുന്നുണ്ടെന്നും ഇത് പ്രാവര്‍ത്തികമാക്കേണ്ടത് എല്ലാവരുടേയും കടമയാണെന്നും കേരള ലീഗല്‍ സര്‍വീസസ് അതോറിറ്റി മെമ്ബര്‍ സെക്രട്ടറിയും ജില്ലാ ജഡ്ജിയുമായ കെ.സത്യന്‍ പറഞ്ഞു. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ സാന്ത്വനം പരിപാടിയുടെ ഭാഗമായി കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ പുതുതായി ആരംഭിച്ച ഭിന്നലിംഗക്കാര്‍ക്കുള്ള പ്രത്യേക മെഡിക്കല്‍ ക്ലിനിക്കിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ശ്വവത്ക്കരിക്കപ്പെടുന്ന ഭിന്നലിംഗക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങള്‍ ഉണ്ടാകണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി പറഞ്ഞു. വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. കോഴഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാം മോഹന്‍, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി ആര്‍.ജയകൃഷ്ണന്‍, ഡെപ്യുട്ടി ഡി.എം.ഒ ഡോ.റ്റി. അനിതകുമാരി, പത്തനംതിട്ട ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. പി.പി മുഹമ്മദ് മുസ്തഫ, ആശുപത്രി സൂപ്രണ്ട് ഡോ.സുഭഗന്‍, അജിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കേരളത്തിലെ ജില്ലാ ആശുപത്രികളില്‍ ആദ്യമായിട്ടാണ് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ ഭിന്നലിംഗക്കാര്‍ക്കായുള്ള സ്‌പെഷ്യല്‍ ക്ലിനിക്ക് ആരംഭിച്ചത്. ക്ലിനിക്കല്‍ സൈക്കോളജി, സൈക്യാട്രി, ജനറല്‍ മെഡിസിന്‍, ത്വക് രോഗങ്ങള്‍, ഗൈനോക്കോളജി തുടങ്ങി വിവിധ വിഭാഗങ്ങളിലെ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം ക്ലിനിക്കില്‍ ലഭ്യമാക്കും. ആഴ്ചയില്‍ ഒരു ദിവസമാണ് ക്ലിനിക് പ്രവര്‍ത്തിക്കുക. ബുധനാഴ്ചകളില്‍ രാവിലെ ഒന്‍പത് മുതല്‍ ഒരു മണിവരെയാണ് ക്ലിനിക്കിന്റെ പ്രവര്‍ത്തനം.

Leave a Reply

Your email address will not be published. Required fields are marked *