കൊച്ചി: ദിലീപിന്റെ റിമാന്‍ഡ് കാലാവധി അവസാനിച്ചു. അങ്കമാലി കോടതിയില്‍ ഇത്തവണയും ദിലീപിനെ നേരിട്ട് ഹാജരാക്കിയില്ല. ഹൈക്കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തില്‍ റിമാന്‍ഡ് സെപ്തംബര്‍ 16 വരെ കോടതി നീട്ടുകയും ചെയ്തു.
ജാമ്യം നേടി പുറത്തിറങ്ങാം എന്ന പ്രതീക്ഷ ദിലീപിന് ഏതാണ്ട് അവസാനിച്ച മട്ടാണ്. ഈ സാഹചര്യത്തിലാണ് മറ്റൊരു അപേക്ഷയുമായി ദിലീപ് രംഗത്ത് വരുന്നത്.അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കണം എന്നാണ് ദിലീപിന്റെ അപേക്ഷ.ദിലീപിന്റെ പിതാവിന്റെ ശ്രാദ്ധമാണ് സെപ്തംബര്‍ ആറാം തിയ്യതി. മൂന്നാം ഓണത്തിന്റെ അന്ന്.
അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ പ്രത്യേക അനുമതി നല്‍കണം എന്നാവശ്യപ്പെട്ടാണ് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. അങ്കമാലി കോടതിയില്‍ ആണ് അപേക്ഷ നല്‍കിയിട്ടുള്ളത്.
ഏഴ് വര്‍ഷമായി താന്‍ പങ്കെടുക്കുന്ന ചടങ്ങാണിത് എന്നാണ് ദിലീപിന്റെ അപേക്ഷയില്‍ പറയുന്നത്. വൈകാരികമായ ഒരു ആവശ്യം കൂടിയാണിത്. സെപ്തംബര്‍ ആറിന് രാവിലെ ഏഴ് മണിമുതല്‍ ഉച്ചയ്ക്ക് 11 മണിവരെ ആണ് ചടങ്ങുകള്‍. വെറും നാല് മണിക്കൂര്‍ നേരത്തെ അനുമതിയാണ് ദിലീപ് ചോദിച്ചിരിക്കുന്നത്.
സുരക്ഷ പ്രശ്‌നങ്ങള്‍ മുന്‍ നിര്‍ത്തിയാണ് ദിലീപിനെ അങ്കമാലി കോടതിയില്‍ പോലും നേരിട്ട് ഹാജരാക്കത്തത്. ഈ സാഹചര്യത്തില്‍ അച്ഛന്റെ ശ്രാദ്ധത്തില്‍ പുറത്തിറങ്ങുന്ന കാര്യത്തില്‍ പോലീസിന്റെ നിലപാട് നിര്‍ണായകമാകും.
ആലുവ സബ് ജയിലില്‍ ആണ് ദിലീപ് ഇപ്പോള്‍ കഴിയുന്നത്. ദിലീപിന്റെ വീട്ടിലേക്ക് ഇവിടെ നിന്ന് വെറും ഒന്നര കിലോമീറ്റര്‍ മാത്രമാണ് ദൂരമുള്ളത്. പക്ഷേ ഇക്കാര്യത്തില്‍ കോടതി എന്ത് തീരുമാനം എടുക്കും എന്ന് പറയാന്‍ സാധിക്കില്ല.
നിയമത്തിന്റെ മുന്നില്‍ ദിലീപ് ഇപ്പോഴും കുറ്റവാളിയല്ല. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ആള്‍ മാത്രമാണ്. അതുകൊണ്ട് ദിലീപിന്റെ അപേക്ഷ പരിഗണിക്കപ്പെചടാനുള്ള സാധ്യതയും ഉണ്ട്.
അറസ്റ്റിലായതിന് ശേഷം ഇതുവരെ ദിലീപ് ഭാര്യയായ കാവ്യ മാധവനേയോ മകള്‍ മീനാക്ഷിയേയോ കണ്ടിട്ടില്ല. അമ്മയും സഹോദരനും മാത്രമാണ് ജയിലില്‍ എത്തി ദിലീപിനെ കണ്ടിട്ടുള്ളത്.
അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ അനുമതി കിട്ടും എന്ന പ്രതീക്ഷയില്‍ തന്നെയാണ് ദിലീപ്. അങ്ങനെയെങ്കില്‍ മകളേയും കാവ്യയേയും കാണാനും ദിലീപിന് സാധിക്കും.
