ദളിത് പെണ്‍കുട്ടിയുടെ വിദേശ പഠനത്തിന് 10 ലക്ഷം

തിരുവനന്തപുരം: അര്‍ഹമായ സ്‌കോളര്‍ഷിപ് അനുവദിക്കുന്നതില്‍ വീഴ്ച വന്നതിനെ തുടര്‍ന്ന് പുറത്താക്കലിന്റെ നിഴലിലായ ദളിത് പെണ്‍കുട്ടിക്ക് 10 ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍ പിഴവ് തിരുത്തി. പോര്‍ച്ചുഗലിലെ കോയിമ്ബ്ര സര്‍വകലാശാലയില്‍ എം.എസ്.സി ബിസിനസ് മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിനിയായ തൃശൂര്‍ കൊടകര സ്വദേശി റിമ രാജനാണ് സഹായവുമായി സര്‍ക്കാരെത്തിയത്.

പണം ഉടനടി അനുവദിക്കാന്‍ എസ്.സി, എസ്.ടി ഡയറക്ടര്‍ക്ക് പട്ടികജാതി വര്‍ഗ മന്ത്രി എ.കെ.ബാലന്‍ നിര്‍ദ്ദേശം നല്‍കി. ഫീസ് അടച്ചില്ലെങ്കില്‍ പുറത്താക്കുമെന്ന് സര്‍വകലാശാല റിമയെ നേരത്തെ അറിയിച്ചിരുന്നു.
സ്‌കോളര്‍ഷിപ് കിട്ടിയില്ലെങ്കില്‍ സര്‍വകലാശാലയില്‍നിന്നു പുറത്താക്കുമെന്ന് കാണിച്ചുള്ള സര്‍വകലാശാലയുടെ നോട്ടീസുമായി റിമയുടെ അച്ഛന്‍ രാജന്‍ മന്ത്രി എ.കെ.ബാലനടക്കമുള്ളവരെ കണ്ടിരുന്നു.

എന്നാല്‍, ആവശ്യമായ നടപടികള്‍ സ്വീകരിക്കാതെ പരിശോധിക്കാമെന്ന ഒഴുക്കന്‍ മട്ടിലുള്ള മറപുടിയാണ് രാജന് ലഭിച്ചത്, പലരും അനാവശ്യ കോഴ്‌സുകള്‍ക്കു വിദേശത്തു പോവുകയും തോന്നിയപോലെ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുകയുമാണെന്നുമായിരുന്നു പട്ടികജാതിവകുപ്പിലെ ഉദ്യോഗസ്ഥരുടെ നിലപാട്.
ഇന്ത്യയില്‍ ഇല്ലാത്ത കോഴ്‌സിനു പട്ടികജാതി വിദ്യാര്‍ത്ഥികള്‍ വിദേശത്തു പ്രവേശനം നേടിയാല്‍ മുഴുവന്‍ തുകയും സ്‌കോളര്‍ഷിപ് നല്‍കുമെന്ന ചട്ടം നിലനില്‍ക്കിയായിരന്നു ഉദ്യോഗസ്ഥരുടെ ഈ നിലപാട്. ഈ ചട്ടം ലംഘിച്ചു ചൈനയില്‍ എം.ബി.ബി.എസിനു പഠിക്കുന്നവര്‍ക്കുപോലും സ്‌കോളര്‍ഷിപ് അനുവദിച്ചിട്ടുണ്ട്. എന്നാല്‍, ഇന്ത്യയില്‍ ഇല്ലാത്ത കോഴ്‌സാണെന്നു ബോദ്ധ്യപ്പെടുത്തിയിട്ടും സ്‌കോളര്‍ഷിപ് നല്‍കാന്‍ അധികൃതര്‍ തയ്യാറായിരുന്നില്ല.

പട്ടികജാതി കമ്മിഷനു മുന്നില്‍ റിമയുടെ പരാതി എത്തിയപ്പോള്‍ റിമയ്ക്ക് അനുകൂല നിലപാട് കമ്മിഷന്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ പിന്നീട് ഫയല്‍ നീക്കം മന്ദഗതിയിലായി. തുടര്‍ന്നാണ് മന്ത്രി നേരിട്ട് ഇടപെട്ടത്. തൃശൂര്‍ കേരള വര്‍മ കോളജില്‍നിന്ന് 86 ശതമാനം മാര്‍ക്ക് വാങ്ങിയാണ് റിമ വിദേശത്ത് പഠിക്കാനെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *