യാങ്കൂണ്‍: നോട്ട് അസാധുവാക്കലിനെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ നന്മക്കായി ശക്തവും കഠിനവുമായ തീരുമാനങ്ങളെടുക്കാന്‍ തന്റെ സര്‍ക്കാര്‍ മടിക്കില്ലെന്ന് മോദി പറഞ്ഞു. യാങ്കൂണിലെ ഇന്ത്യന്‍ ജനതയെ അഭിമുഖീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കക്ഷി രാഷ്ട്രീയത്തേക്കാള്‍ രാജ്യമാണ് വലുത് എന്നതുകൊണ്ടാണ് തന്റെ സര്‍ക്കാര്‍ ഇത്തരം തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.
നോട്ട് അസാധുവാക്കല്‍ തീരുമാനത്തെ പരാമര്‍ശിച്ചതോടൊപ്പം പാക് അധീന കശ്മീരില്‍ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക്, സര്‍ക്കാറിന്റെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനമായി കരുതുന്ന ചരക്ക് സേവന നികുതി തുടങ്ങിയവയെ കുറിച്ചും അദ്ദേഹം സംസാരിച്ചു.
ദേശതാത്പര്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ ശക്തമായ തീരുമാനങ്ങളെടുക്കാന്‍ ഭയപ്പെടാറില്ല. കാരണം, തങ്ങള്‍ക്ക് കക്ഷി രാഷ്ട്രീയത്തേക്കള്‍ വലുതാണ് രാജ്യതാത്പര്യം. സര്‍ജിക്കല്‍ സ്ട്രൈക്കാവട്ടെ, നോട്ട് അസാധുവാക്കലാകട്ടെ, ജി.എസ്.ടി ആകട്ടെ, എല്ലാ തീരുമാനങ്ങളും ഭയമോ സംശയമോ കൂടാതെയാണ് സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ജി.എസ്.ടി വന്നതു മൂലം സത്യസന്ധമായി വ്യാപാരം നടത്താനുള്ള സാഹചര്യം ഉണ്ടായി. കോടിക്കണക്കിന് രൂപ നികുതി നല്‍കാതെ ബാങ്കുകളില്‍ ഒളിപ്പിച്ചവരെ നോട്ട് നിരോധനം മൂലം വെളിച്ചത്തുകൊണ്ടുവരാനായി. കള്ളപ്പണം വെളുപ്പിച്ച രണ്ടു ലക്ഷം കമ്ബനികളുടെ രജിസ്ട്രേഷന് കഴിഞ്ഞ മൂന്നു മാസത്തിനിടെ റദ്ദാക്കിയെന്നും അദ്ദേഹം പറഞ്ഞു. അഴിമതിക്കാരായ ചിലരുടെ തെറ്റിന് 125കോടി ജനങ്ങള്‍ക്ക് പിഴയൊടുക്കുന്നത് അംഗീകരിക്കാനാകില്ല. എവിടെ നിന്നാണ് കള്ളപ്പണം വരുന്നതെന്നും എവിടേക്കാണ് പോകുന്നതെന്നുമുള്ളതിന്റെ ഒരു സൂചനയുമില്ലായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
തങ്ങള്‍ ഇന്ത്യയെ പരിഷ്കരിക്കുകയല്ല, പരിവര്‍ത്തനം ചെയ്യുകയാണ്. ഇന്ത്യയില്‍ മാറ്റം വരുത്തുകയല്ല, പുതിയ ഇന്ത്യയെ നിര്‍മിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നോട്ട് അസാധുവാക്കല്‍ ദുരന്തമായിരുന്നെന്നും അത് പരാജയമായിരുന്നെന്നുമുള്ള പ്രതിപക്ഷത്തിന്റെ വിമര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പ്രസംഗം.
