കോഴിക്കോട് : വേങ്ങരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഈ മാസം 19 ന് പ്രഖ്യാപിക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്.
ആര് മല്‍സരിക്കണമെന്ന കാര്യം പാര്‍ട്ടി തീരുമാനിക്കും. താന്‍ മല്‍സരിക്കുമെന്ന പ്രചരണങ്ങളോട് ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും മജീദ് പറഞ്ഞു.
വേങ്ങരയില്‍ യുഡിഎഫ് ഈസി വാക്കോവറാണ് പ്രതീക്ഷിക്കുന്നത്. യുഡിഎഫിന്റേ നേതൃത്വത്തില്‍ എല്ലാ മുന്നൊരുക്കങ്ങളും നടത്തിക്കഴിഞ്ഞു. പ്രചരണ പരിപാടികള്‍ക്ക് അടക്കം തുടക്കം കുറിച്ചുകഴിഞ്ഞിട്ടുണ്ട്.
യുവാക്കള്‍ കൂടുതല്‍ മല്‍സരരംഗത്തേക്ക് വരുന്നതിനോട് തനിക്ക് യോജിപ്പാണ്. എന്നാല്‍ മല്‍സരിക്കാന്‍ ഒരു സീറ്റ് മാത്രമേ ഉള്ളെന്ന കാര്യം ഓര്‍മ്മിക്കണമെന്നും കെപിഎ മജീദ് പറഞ്ഞു.
ഒക്ടോബര്‍ 11 നാണ് വേങ്ങരയില്‍ വോട്ടെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ 15 ന് നടക്കും. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഈ മാസം 15 ന് പുറത്തിറക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. തെരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി സെപ്തംബര്‍ 22 ആണ്. സൂക്ഷ്മ പരിശോധന 25 ന് നടക്കും. പത്രികകള്‍ പിന്‍വലിക്കാനുള്ള അവസാന തീയതി സെപ്തംബര്‍ 27 ആണ്.
വേങ്ങര മണ്ഡലത്തിലെ എംഎല്‍എ ആയിരുന്ന പികെ കുഞ്ഞാലിക്കുട്ടി രാജിവെച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് അനിവാര്യമായത്. ഇ അഹമ്മദിന്റെ മരണത്തെ തുടര്‍ന്ന് ഒഴിവുവന്ന മലപ്പുറം ലോക്സഭാ സീറ്റില്‍ മത്സരിച്ച് വിജയിച്ചതിനെ തുടര്‍ന്നായിരുന്നു കുഞ്ഞാലിക്കുട്ടി എംഎല്‍എ സ്ഥാനം രാജിവെച്ചത്.
മലപ്പുറം ജില്ലയിലെ ലീഗിന്റെ ഉറച്ച കോട്ടകളില്‍ ഒന്നാണ് വേങ്ങര. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 38,057 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു കുഞ്ഞാലിക്കുട്ടി ജയിച്ചത്. സിപിഐഎമ്മിലെ പിപി ബഷീറിനെയായിരുന്നു കുഞ്ഞാലിക്കുട്ടി തോല്‍പ്പിച്ചത്.
