അനധികൃത റിക്രൂട്ടിംഗ് ഏജന്‍സികള്‍ക്കെതിരെ കര്‍ശന നടപടി: മുഖ്യമന്ത്രി

തിരുവനന്തപുരം: അനധികൃത റിക്രൂട്ടിംഗ് ഏജന്‍സികള്‍ക്കെതിരെ ലഭിക്കുന്ന പരാതികളില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്‌റി പിണറായി വിജയന്‍ പറഞ്ഞു. പ്രവാസികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തുന്നതിന് വിദേശകാര്യ മന്ത്‌റാലയവും സംസ്ഥാന സര്‍ക്കാരും സംയുക്തമായി സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വ്യാജ റിക്രൂട്ട്‌മെന്റ് ഏജന്‍സികളുടെ തട്ടിപ്പിനിരയാകുന്നവര്‍ ധാരാളമുണ്ട്. അനധികൃതമായി വിദേശത്തേക്ക് ആളുകളെ എത്തിക്കുന്ന ഏജന്‍സികളെക്കുറിച്ച് വിവരം ലഭിച്ചാല്‍ കര്‍ശന നടപടിയുണ്ടാവും. വിദേശ ജോലി സ്വപ്‌നം കാണുന്നവര്‍ വിമാനം കയറുന്നതിനുമുമ്ബ് തൊഴില്‍ സുരക്ഷയെ കുറിച്ചുകൂടി ആലോചിക്കണം. ഓരോ ദിവസവും എത്തുന്ന പ്രവാസികളുടെ വിവരങ്ങള്‍ എംബസികള്‍ കൃത്യമായി രേഖപ്പെടുത്തിയാല്‍ വിദേശത്തുള്ളവരെക്കുറിച്ച് സര്‍ക്കാരിന് വ്യക്തമായ ധാരണയുണ്ടാവും. സര്‍ക്കാരിന്റെ പരിച്ഛേദമായ എംബസികള്‍ പൗരന് പൂര്‍ണ സംരക്ഷണം നല്‍കാന്‍ സന്നദ്ധമാകണം.

വീട്ടുജോലിക്കും മറ്റും എത്തുന്നവര്‍ക്ക് തൊഴിലുടമയില്‍നിന്ന് ക്രൂരപീഡനങ്ങള്‍ നേരിടുന്ന സാഹചര്യം ഒഴിവാക്കാന്‍ തൊഴിലുടമകള്‍ തൊഴിലാളികളെ എംബസികളില്‍നിന്ന് നേരിട്ട് കൂട്ടിക്കൊണ്ടു പോകുന്ന സാഹചര്യമുണ്ടാവണം. എംബസികളിലെ ഉദ്യോഗസ്ഥരില്‍ ഒരു നിശ്ചിത ശതമാനം പേര്‍ മലയാളം അറിയാവുന്നവരായിരിക്കണം. മികച്ച രീതിയിലുള്ള കുടിയേറ്റ നിയമം നമുക്ക് ആവശ്യമാണ്. വിമാനത്താവളങ്ങളില്‍ കൃത്യയമായ രജിസ്‌ട്രേഷന്‍ സംവിധാനങ്ങളുണ്ടാവണം. വിദേശത്ത് കേസുകളില്‍ പെടുന്നവര്‍ക്ക് നിയമസഹായം ലഭ്യമാക്കണം. ഇതിനായി നിയമരംഗത്ത് പ്രവര്‍ത്തിക്കുന്നവരെ ബന്ധപ്പെടുത്തി അനൗപചാരിക സംവിധാനമുണ്ടാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നു. വിദേശത്തേക്ക് ജോലിക്ക് പോകുന്നവര്‍ക്ക് പ്രീ ഡിപ്പാര്‍ച്ചര്‍ ഓറിയന്റേഷന്‍ ക്ലാസുകള്‍ ആരംഭിക്കുന്നതിനു കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

പ്രവാസികളുടെ ക്ഷേമവും സുരക്ഷയും ഉറപ്പുവരുത്താന്‍ വിദേശ കാര്യ മന്ത്‌റാലയവും സംസ്ഥാന സര്‍ക്കാരും കൂടുതല്‍ സഹകരിച്ചു പ്രവര്‍ത്തിക്കുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്‌റി വി.കെ. സിംഗ് പറഞ്ഞു. പ്രവാസികള്‍ക്കു വേണ്ടി ആദ്യമായി നോര്‍ക്ക വകുപ്പ് രൂപീകരിച്ച സംസ്ഥാനം കേരളമാണ്. അതില്‍ സംസ്ഥാനത്തെ അഭിനന്ദിക്കുന്നു. എംബസികളില്‍ മലയാളമറിയുന്നവരെ നിയമിക്കണമെന്ന മുഖ്യമന്ത്‌റിയുടെ നിര്‍ദേശം പരിഗണിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.

നഴ്‌സുമാര്‍ വിദേശത്തു ജോലിക്കു പോകുമ്പോള്‍ എംബസിയില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണമെന്ന് സിംഗ് പറഞ്ഞു. നിരവധി പേര്‍ വിദേശത്ത് നഴ്‌സിംഗ് ജോലിക്കായി പോകുന്നുണ്ട്.വിദേശത്തേക്കു പോകുമ്പോള്‍ കൃത്യമായ നടപടക്രമങ്ങള്‍ പാലിക്കണം. ഈ സംവിധാനം നിലവില്‍ വന്നപ്പോള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മടിയുണ്ടായിരുന്നു. ഇതേവരെ ഒന്നേകാല്‍ ലക്ഷം പേരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യുന്നവരുടെ എണ്ണം കൂടുന്നുണ്ട്. എയര്‍ ഇന്ത്യയുടെ യാത്രാനിരക്ക് സംബന്ധിച്ച പ്രശ്‌നത്തിന് കഴിയുന്നത്ര വേഗത്തില്‍ പരിഹാരമുണ്ടാക്കും.സിവില്‍ ഏവിയേഷന്‍ മന്ത്‌റാലയവുമായി ഈ വിഷയം ചര്‍ച്ച നടത്തിയിട്ടുണ്ട്. 2014 മുതല്‍ ഈ വിഷയം തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളതാണെന്നും വി.കെ.സിംഗ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *