കൂട്ടിയ ഇന്ധനവിലയുടെ വില്‍പ്പന നികുതി കുറയ്ക്കണം; ധനമന്ത്രി ഐസകിന് എംഎം ഹസന്റെ കത്ത്

തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍ വില കുതിച്ചുയര്‍ന്ന പശ്ചാത്തലത്തില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ മാതൃക പിന്തുര്‍ന്ന് കൂട്ടിയ ഇന്ധനവിലയുടെ വില്‍പന നികുതിയെങ്കിലും ഉപേക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം എന്നാവശ്യപ്പെട്ട് കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍ ധനമന്ത്രി ഡോക്ടര്‍ തോമസ് ഐസക്കിനു കത്തുനല്‍കി.

അന്താരാഷ്ട്ര വിപണയില്‍ അസംസ്‌കൃത എണ്ണയുടെ വില കുത്തനെ കുതിച്ചുയര്‍ന്നത് 2011, 2012 വര്‍ഷങ്ങളിലാണ്. തുടര്‍ന്ന് ആഭ്യന്തര വിപണയില്‍ ഇന്ധനവില ഉയരുകയും അതു ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ അന്നത്തെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ വര്‍ധിപ്പിച്ച വിലയുടെ വില്‍പന നികുതി പാടേ ഉപേക്ഷിക്കുകയാണ് ചെയ്തത്. പെട്രോളിന് നാലു തവണയും ഡീസലിന് രണ്ടു തവണയും ഇപ്രകാരം ചെയ്തു. 19052011, 18092011, 06112011, 26052012 എന്നീ തീയതികളില്‍ പെട്രോള്‍ വില കൂട്ടിയപ്പോള്‍ അതിന്റെ വില്‍പന നികുതിയിനത്തില്‍ 375.75 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ഉപേക്ഷിച്ചത്. ഡീസലിന് 29062011, 16092012 എന്നീ തീയതികളില്‍ വില കൂട്ടിയപ്പോള്‍ 243.42 കോടി രൂപയും വേണ്ടെന്നു വെച്ചു. ജനങ്ങള്‍ക്ക് ചെറിയൊരു ആശ്വാസം പകര്‍ന്നു നല്‍കാന്‍ ഈ നടപടിയിലൂടെ സാധിച്ചുവെന്നു ഹസന്‍ ചൂണ്ടിക്കാട്ടി.

പെട്രോള്‍, ഡീസല്‍ വില കുത്തനെ ഉയരുമ്‌ബോള്‍ സംസ്ഥാനങ്ങള്‍ കേന്ദ്രഎക്‌സൈസ് തീരുവ വിഹിതം വേണ്ടെന്നു വയ്ക്കുകയോ, വില്‍പന നികുതി കുറയ്ക്കുകയോ ചെയ്യണം എന്നാണല്ലോ കഴിഞ്ഞ ദിവസം കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പ്രസ്താവച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് നികുതി നിരവധി തവണ കൂട്ടിയതുകൊണ്ടാണ് വില കുതിച്ചു കയറിയതെന്നും അതുകൊണ്ട് അവര്‍ കുറയ്ക്കട്ടെ എന്നു താങ്കളും പ്രസ്താവിച്ചിട്ടുണ്ട്. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ഒളിച്ചുകളിയാണ് ഇതിലൂടെ പുറത്തുവരുന്നത്. രണ്ടു കൂട്ടരും ജനങ്ങളെ പിഴിയുന്നതില്‍ ഒറ്റക്കെട്ടാണെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്.

ഒരു ലിറ്റര്‍ പെട്രോളിന് നിലവില്‍ 21.48 രൂപ കേന്ദ്രം എക്‌സൈസ് നികുതി ഈടാക്കുമ്‌ബോള്‍ സംസ്ഥാന സര്‍ക്കാര്‍ 17.94 രൂപയാണ് ഈടാക്കുന്നത്. കേന്ദ്രം 3.54 രൂപ കൂടുതല്‍ ഈടാക്കുന്നു എന്നതു മാത്രമാണ് വ്യത്യാസം. കേന്ദ്രത്തിന്റേത് തീവെട്ടിക്കൊള്ള എന്നാണല്ലോ താങ്കള്‍ വിശേഷിപ്പിച്ചത്. അപ്പോള്‍ താങ്കളുടെ നികുതിക്ക് എന്തു പേരിടണമെന്നു ഹസന്‍ ചോദിച്ചു.

പെട്രോള്‍, ഡീസല്‍ വില വര്‍ധനവിനെതിരെ ഈ മാസം 20 ന് സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ സംസ്ഥാനമൊട്ടാകെ സമരങ്ങള്‍ നടന്നിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ഒരു ടോക്കണ്‍ ഇളവെങ്കിലും നല്‍കിയിട്ട് കേന്ദ്രത്തിനെതിരേ സമരം ചെയ്തിരുന്നെങ്കില്‍ തീര്‍ച്ചയായും അതില്‍ ജനങ്ങള്‍ ആത്മാര്‍ത്ഥത കണ്ടെത്തിയേനേ. സിപിഐഎം സമരം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ മാത്രമാണെന്നു ഹസന്‍ പറഞ്ഞു.

ഇന്ധനവിലയാണ് വിലക്കയറ്റത്തിനു ചുക്കാന്‍ പിടിക്കുന്നതെന്നു സാമ്ബത്തികവിദഗ്ധന്‍ കൂടിയായ താങ്കളോട് ആരും പറഞ്ഞു തരേണ്ടതില്ല. കേരളത്തിലിപ്പോള്‍ നിത്യോപയോഗ സാധനങ്ങളുടെ വിലയെക്കുറിച്ച് താങ്കള്‍ക്ക് എന്തെങ്കിലും ധാരണയുണ്ടോ? ഇത്രയും വലിയ വിലക്കയറ്റം ഉണ്ടായിട്ടും ചെറുവിരല്‍പോലും അനക്കാത്ത ഈ സര്‍ക്കാര്‍ എന്തൊരു സര്‍ക്കാരാണെന്നാണു ജനം ചോദിക്കുന്നത്.ജിഎസ്ടി കൗണ്‍സിലില്‍ തീപ്പൊരി പ്രസംഗം നടത്താറുള്ള താങ്കള്‍ ഒരിക്കലെങ്കിലും ഇന്ധനങ്ങളെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടോ?

പിണറായി സര്‍ക്കാരിനും ധനമന്ത്രി തോമസ് ഐസക്കിനും ജനങ്ങളോടുള്ള പ്രതിബദ്ധത തെളിയിക്കാനുള്ള ടെസ്റ്റ് ഡോസാണിത്. ഇന്ധനങ്ങളുടെ കൂട്ടിയ വിലയുടെ വില്പനനികുതിയെങ്കിലും ഉപേക്ഷിക്കാന്‍ തയ്യാറായാല്‍ അല്‍പം വില കുറയും. ജനങ്ങള്‍ക്ക് നേരിയ ആശ്വാസം ലഭിക്കും. ഇതു സംബന്ധിച്ച് ഉടനടി പ്രഖ്യാപനം ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നുവെന്നു ഹസന്‍ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *