ഹൈദരാബാദ്: പ്രായപൂര്‍ത്തിയാകാത്തവര്‍ മദ്യപിക്കുന്നത് തടയാന്‍ പുതിയ ഉത്തരവുമായി തെലങ്കാലയിലെ എക്‌സൈസ് വകുപ്പ് രംഗത്ത്. ഇനി മുതല്‍ പബ്ബുകളില്‍ നിന്ന് മദ്യം വാങ്ങണമെങ്കില്‍ ആദ്യം പ്രായം തെളിയിക്കാന്‍ ആധാര്‍ കാര്‍ഡ് ഹാജരാക്കണം. ഇരുപത്തിയൊന്ന് വയസ്സിന് താഴെയുള്ളവര്‍ക്ക് മദ്യം ലഭിക്കുന്നില്ലെന്ന് ഉറപ്പ് വരുത്താനാണ് എക്‌സൈസ് വകുപ്പിന്റെ പുതിയ നടപടി.
അമിതമായി മദ്യപിക്കുന്നത് ശീലമാക്കിയതിനെത്തുടര്‍ന്ന് പതിനേഴുകാരന്‍ മരിച്ച സംഭവത്തെത്തുടര്‍ന്നാണ് പുതിയ ഉത്തരവ്. പതിനേഴുകാരന്‍ മരിച്ച സംഭവത്തില്‍ അന്വേഷണം നടത്തിയ പൊലീസ് അമിത മദ്യപാനമാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു. നഗരത്തിലെ ഒരു പബ്ബില്‍ സ്ഥിരം സന്ദര്‍ശകനായിരുന്നു മരിച്ച പതിനേഴുകാരന്‍.
നഗരത്തിലെ മുഴുവന്‍ പബ്ബുടമകള്‍ക്കും പുതിയ ഉത്തരവ് സംബന്ധിച്ച് എക്‌സൈസ് കമ്മീഷണര്‍ ആര്‍വി ചന്ദ്രവദന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. പ്രായപൂര്‍ത്തിയായവര്‍ മാത്രമേ മദ്യം വാങ്ങുന്നുള്ളൂ എന്ന് ഉറപ്പ് വരുത്തണമെന്നും അമിതമായ അളവില്‍ ആര്‍ക്കും മദ്യം നല്‍കരുതെന്നും നിര്‍ദ്ദേശമുണ്ട്. പബ്ബുകളിലെത്തുന്നവരുടെ പ്രാഥമിക വിവരങ്ങള്‍ സൂക്ഷിക്കണമെന്ന് പബ്ബ് ഉടമകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇതു വഴി മയക്കു മരുന്നു സംഘത്തില്‍പ്പെട്ടവരെ പിടികൂടാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും എക്‌സൈസ് കമ്മീഷണര്‍ വ്യക്തമാക്കി.
