തിരുവനന്തപുരം: വിജിലന്‍സിന് മുഴുവന്‍ സമയ മേധാവിയെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. വിജിലന്‍സ് ആസ്ഥാനം നാഥനില്ലാ കളരിയായി മാറിയിരിക്കുകയാണെന്ന് കത്തില്‍ ചെന്നിത്തല കുറ്റപ്പെടുത്തുന്നു.
കേരളത്തില്‍ രണ്ട് കേഡര്‍ തസ്തികകളാണുള്ളത്. അതില്‍ ഒന്ന് സംസ്ഥാന പൊലീസ് ചീഫിന്റെയും മറ്റൊന്ന് വിജിലന്‍സ് ഡയറക്ടറുടേതുമാണ്. ഈ രണ്ട് പദവികളും ഒരാള്‍ തന്നെ വഹിക്കുന്നത് മൂലം വിജിലന്‍സിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും കുത്തഴിഞ്ഞ നിലയിലാണെന്ന് പ്രതിപക്ഷ നേതാവ് കത്തില്‍ സൂചിപ്പിക്കുന്നു. അന്വേഷണങ്ങള്‍ക്ക് ഫലപ്രദമായ മേല്‍നോട്ടം വഹിക്കാനോ, അന്വേഷണസംഘങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കാനോ കഴിയാത്ത തരത്തില്‍ വിജിലന്‍സ് ആസ്ഥാനം നാഥനില്ലാ കളരിയായി മാറിയിരിക്കുകയാണ്. സര്‍ക്കാരിന് താത്പര്യമുള്ള കേസുകളെ അനുകൂലമാക്കി മാറ്റാനുള്ള ബോധപൂര്‍വ്വമായ നടപടിയാണിതെന്നും ഇതുമൂലം സംസ്ഥാനത്ത് അഴിമതി തഴച്ച് വളരുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നതെന്നും രമേശ് ചെന്നിത്തല കത്തില്‍ പറയുന്നു.
സംസ്ഥാനത്ത് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഉയരുന്ന അഴിമതി ആരോപണങ്ങളെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കുന്നതില്‍ വിജിലന്‍സ് പൂര്‍ണ്ണപരാജയമാണ്. മുഴുവന്‍ സമയ മേധാവി ഇല്ലാത്തതുമൂലം ഇപ്പോള്‍ അന്വേഷണം നടക്കുന്ന സുപ്രധാന കേസുകളെല്ലാം വഴിമുട്ടിയ നിലയിലാണ്. വിജിലന്‍സിന് എന്തുകൊണ്ട് മുഴുവന്‍ സമയ മേധാവിയില്ലന്ന് ഹൈക്കോടതിക്ക് പോലും ചോദിക്കേണ്ടി വന്നു. ക്രമസമാധാന ചുതല വഹിക്കുന്ന ഡിജിപിക്ക് വിജിലന്‍സിന്റെ കൂടി അധിക ചുമതല നല്‍കിയിരിക്കുകയാണ്. അതീവ പ്രാധാന്യമുള്ള രണ്ട് പദവികള്‍ ഒരുദ്യോഗസ്ഥന്‍ തന്നെ കൈകാര്യം ചെയ്യുന്നത് അത്യപൂര്‍വ്വമായ സാഹചര്യമാണ്.
വളരെ പ്രായോഗിക ബുദ്ധിമുട്ടുകളും പരിമിതികളും ഇതുമൂലം വിജിലന്‍സിനുണ്ട്. അഴിമതി നിരോധന വകുപ്പിന്റെ പ്രസക്തി തന്നെ നഷ്ടപ്പെട്ട നിലയിലാണ്. അതുകൊണ്ട് ഉടന്‍ തന്നെ ഒരു മുഴുവന്‍ സമയ ഡയറക്ടറെവിജിലന്‍സ് മേധാവിയായി നിയമിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ്പ്രതിപക്ഷ നേതാവ് കത്ത് ചുരുക്കുന്നത്.
