മലപ്പുറം: അക്രമത്തിന്റെയും അഴിമതിയുടെയും കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരും കേരള സര്‍ക്കാരും പരസ്പരം മത്സരിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍. ഊരകം പഞ്ചായത്ത് യുഡിഎഫ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇരു സര്‍ക്കാരുകളും ജനങ്ങളെ ദുരിതത്തിലാക്കുകയാണ്. ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പോലും രണ്ട് സര്‍ക്കാരുകള്‍ക്കും കഴിയുന്നില്ല. സംസ്ഥാനത്ത് റേഷന്‍ വിതരണം സതംഭിച്ചിട്ട് മാസങ്ങളായി. അക്രമവും അഴിമതിയും മാത്രമാണ് നടക്കുന്നത്. ഫാസിസവും മാര്‍കിസവും തമ്മില്‍ നേരിയ വ്യത്യാസം മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
കോര്‍പറേറ്റുകള്‍ക്ക് വേണ്ടി സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന സമീപനമാണ് രണ്ട് സര്‍ക്കാരുകളും സ്വീകരിക്കുന്നതെന്ന് കണ്‍വെന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തിയ പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഭരണത്തിലേറി ഒന്നര വര്‍ഷമായിട്ടും നാട്ടില്‍ വികസനം കൊണ്ട് വരാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞട്ടില്ല. അഴിമതിയുടെ പേരില്‍ ഓരോ മന്ത്രിമാരും സ്ഥാനമൊഴിയുന്നു. മന്ത്രിമാര്‍ തന്നെ ഭൂമി കൈയ്യേറ്റം നടത്തുകയാണ്. മന്ത്രിമാര്‍ വാഴാത്ത സര്‍ക്കാരാണ് കേരളത്തിലേതെന്നും അദ്ദേഹം പറഞ്ഞു.
അഡ്വ. ഗിരീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി കെഎന്‍എ ഖാദര്‍, എംഎല്‍എ മാരായ എംകെ മുനീര്‍, എന്‍ ഷംസുദ്ദീന്‍, ടിവി ഇബ്രാഹിം, എപി അനില്‍കുമാര്‍, പി. അബ്ദുല്‍ ഹമീദ്, മുന്‍ എംഎല്‍എ മുഹമ്മദുണ്ണി ഹാജി, ഇ. മുഹമ്മദ് കുഞ്ഞി, മന്‍സൂര്‍ കോയ തങ്ങള്‍, എംകെ അബ്ദുല്‍ മജീദ്, പി.കെ അസ്‌ലു, പികെ കുഞ്ഞാലി, ആയോളി അഹമ്മദ് കുട്ടി, എംകെ മുഹമ്മദാലി, കെപി വല്യാപുഹാജി, പിപി ഹസന്‍, കെകെ അലി അക്ബര്‍ എന്നിവര്‍ സംസാരിച്ചു.
